സഞ്ചാരികളുടെ പറുദീസയായി ദുബായ് ഗ്ലോബല്‍ വില്ലേജ് പാര്‍ക്ക്

ദുബായ്: ആഘോഷ രാവുകള്‍ അരങ്ങ് വാഴുന്ന ദുബായ് ഗ്ലോബല്‍ വില്ലേജ് പാര്‍ക്ക് യുഎഇ യിലെ ഏറ്റവും പ്രശസ്തിയുളളതും ജനങ്ങള്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്നതുമായ വിനോദ സഞ്ചാര കേന്ദ്രമായി തെരഞ്ഞെടുത്തു. അന്താരാഷ്ട്ര ഡാറ്റാ റിസര്‍ച്ച്‌ അനലിറ്റിക്സ് ഗ്രൂപ്പായ യൂ ഗവ് ആണ് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

യുഎഇയില്‍ കഴിഞ്ഞ പന്ത്രണ്ട് മാസത്തില്‍ ഏറ്റവും അധികം സഞ്ചാരികള്‍ സന്ദര്‍ശിച്ച ടൂറിസ്റ്റ് കേന്ദ്രമായി ഇവിടം മാറിയെന്ന് റിപ്പേര്‍ട്ടില്‍ പറയുന്നു. സൗദിയിലും യുഎഇയിലുമായി രണ്ടായിരത്തിലധികം പേരില്‍ നടത്തിയ സര്‍വ്വെയിലാണ് ഈ വിവരം ലഭിച്ചത്. യുഎഇ നിവാസികളില്‍ അഞ്ചില്‍ രണ്ട് പേര്‍ ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കാനാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. അതേ സമയം മാജിക് പ്ലാനറ്റ് രണ്ടാം സ്ഥാനത്തും ദുബായ് അക്വാറിയം ആൻഡ് അണ്ടര്‍ വാട്ടര്‍ സൂ മൂന്നാം സ്ഥാനവും നേടി.

ഗ്ലോബല്‍ വില്ലേജ് എത്ര സന്ദര്‍ശിച്ചാലും മതിവരില്ലെന്നാണ് സര്‍വേയില്‍ നിന്ന് വ്യക്തമാകുന്നത്. അടുത്ത പന്ത്രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇവിടം വീണ്ടും സന്ദര്‍ശിക്കാൻ സഞ്ചാരികള്‍ ഒരുക്കമാണ്. സീസണ്‍ 27 ല്‍ 90 സംസ്കാരങ്ങളുടെ പുനരാവിഷ്കാരങ്ങളും 27 പവലിയനകളുമാണ് ഒരുക്കിയത്. നാല്‍പത് രാജ്യങ്ങളില്‍ നിന്നായി നാല്‍പതിനായിരത്തോളം കലാകാരൻമാര്‍ പാര്‍ക്കില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇതിനു പുറമെ ഇവിടെ എത്തിയ സഞ്ചാരികള്‍ക്കായി 175 വിവിധതരം സാഹസിക റൈഡുകളും 77 വ്യത്യസ്തമാര്‍ന്ന വെടിക്കെട്ട് പ്രകടനങ്ങളുമാണ് ഒരുക്കിയിരുന്നത്. കൂടാതെ ആഢംബരം ഒട്ടും കുറയ്ക്കാത്ത ഷോപ്പിങ് ഔട്ട്ലെറ്റുകളും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള രുചികരമേറിയ ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഫുഡ് സെന്ററുകളും ഒരുക്കിയിരിക്കുന്നു.

ഈ വര്‍ഷം ഒക്ടോബര്‍ 28 ന് തുടങ്ങി 194 ദിവസം നീണ്ടുനില്‍ക്കുന്ന തരത്തിലാണ് സീസണ്‍ 28 ഗ്ലോബല്‍ വില്ലേജ് ആഘോഷങ്ങള്‍ അധികൃതര്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍ ഇപ്പോഴെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. 2024 ഏപ്രില്‍ 28 നാണ് ഈ മഹാ ആഘോഷങ്ങള്‍ക്ക് തിരശീല വീഴുന്നത്.

Leave a Reply

Your email address will not be published. Required fields are marked *