അതിവേഗം അതിജീവനം; പഠനവും പുനരധിവാസവും ഉറപ്പാക്കി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലെ ഗോത്രവിഭാഗക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ചേര്‍ത്തു നിര്‍ത്തുകയാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പ്. താത്ക്കാലിക പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം, യാത്ര സൗകര്യം എന്നിവക്ക് കൃത്യമായ പദ്ധതികളാണ് വകുപ്പ് ആസൂത്രണം ചെയ്യുന്നത്.

പുഞ്ചിരിമട്ടത്തുള്ള നാല് കുടുംബങ്ങള്‍ക്കാണ് പുനരധിവാസം ഒരുക്കേണ്ടത്. കുടുംബങ്ങളുടെ സമ്മതപത്രം ലഭ്യമാകുന്ന മുറക്ക് മേപ്പാടി കല്ലുമലയില്‍ കുടുംബാഗങ്ങളെ പുനരധിവസിപ്പിക്കും. ഇതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചതായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ് അറിയിച്ചു.

മേപ്പാടി പഞ്ചായത്തിലെ 10, 11,12 വാര്‍ഡുകളിലെ ഏറാട്ടുകുണ്ട്, അത്തിച്ചുവട്, പുഞ്ചിരിമട്ടം, അംബേദ്കര്‍, പുതിയ വില്ലേജ്, പുഞ്ചിരിമട്ടം, ചൂരല്‍മല പ്രദേശങ്ങളിലെ ഉന്നതികള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടില്ലെങ്കിലും ദുരന്തബാധിത മേഖലയായതിനാല്‍ 43 കുടുംബങ്ങളെയാണ് പ്രദേശത്ത് നിന്നും മാറ്റിപ്പാര്‍പ്പിച്ചത്. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ റേഷന്‍ വിഹിതം ജില്ലാ സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് ക്യാമ്പുകളില്‍ നേരിട്ട് എത്തിച്ചു നല്‍കുന്നുണ്ട്.

മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ ബന്ധുവീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് എസ്.ടി പ്രമോട്ടര്‍മാര്‍ മുഖേനയും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ട്. വെള്ളാര്‍മല സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ആണ്‍കുട്ടികളെ മേപ്പാടി പ്രീ-മെട്രിക് ഹോസ്റ്റലില്‍ താമസിപ്പിച്ച് പഠിക്കാന്‍ സൗകര്യം ഉറപ്പാക്കും. പെണ്‍കുട്ടികള്‍ക്ക് പുനരധിവാസം ഒരുക്കുന്ന മുറയ്ക്ക് പഠന സൗകര്യം ഒരുക്കും. വിവിധ സ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാവാഹിനി പദ്ധതി പ്രകാരം യാത്രാ സൗകര്യമൊരുക്കും.

ദുരന്തബാധിത മേഖലയിലെ ഉന്നതികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിവരികയാണ്. വനമേഖലയില്‍ നിന്നും അട്ടമലയിലേക്ക് എത്തിച്ച കുടുംബത്തെയും വകുപ്പിന് കീഴിലാണ് സംരക്ഷിക്കുന്നത്.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 29 മുതല്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *