മുംബൈ: ക്യാപ്റ്റൻ കൂൾ എന്ന വിളിപ്പേരുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി ഒരിക്കൽ സഹതാരങ്ങളോടു രൂക്ഷഭാഷയിൽ പെരുമാറിയ സംഭവത്തേക്കുറിച്ചു പ്രതികരിച്ച് ഫീൽഡിങ് പരിശീലകനായിരുന്ന ആർ. ശ്രീധർ. ‘‘കോച്ചിങ് ബിയോണ്ട് മൈ ഡെയ്സ് ” എന്ന പുസ്തകത്തിലാണ് താരങ്ങൾ ധോണിയുടെ ശക്തമായ മുന്നറിയിപ്പു നേരിടേണ്ടി വന്ന സാഹചര്യത്തേക്കുറിച്ച് ശ്രീധർ പ്രതികരിച്ചത്. 2014 ൽ ഇന്ത്യ– വെസ്റ്റിൻഡീസ് ഏകദിന പരമ്പരയ്ക്കിടെയായിരുന്നു ധോണി ഇന്ത്യൻ താരങ്ങൾക്കു താക്കീത് നൽകിയത്.
ഫീൽഡിങ്ങിലും ഫിറ്റ്നസിലും താരങ്ങൾ നിലവാരം പുലർത്തണമെന്നായിരുന്നു ധോണിയുടെ ആവശ്യം. ഇക്കാര്യങ്ങൾ അനുസരിച്ചില്ലെങ്കിൽ 2015ലെ ലോകകപ്പ് കളിപ്പിക്കില്ലെന്നു ധോണി പറഞ്ഞതായും ശ്രീധർ പുസ്തകത്തിൽ അവകാശപ്പെട്ടു. ‘‘2014 ഒക്ടോബറില്‍ ഞങ്ങൾ വെസ്റ്റിൻഡീസിനെതിരെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിൽ കളിക്കുകയായിരുന്നു. മത്സരം മികച്ച രീതിയിൽ തന്നെ ഇന്ത്യ ജയിച്ചു. എന്നാൽ ഗ്രൗണ്ടിൽ ടീമിന്റെ പ്രകടനം വളരെ മോശമായിരുന്നു. താരങ്ങളുടെ ഫിറ്റ്നസ് നിലവാരത്തിൽ ധോണി വളരെയേറെ ദേഷ്യത്തിലായിരുന്നു”.
‘നമ്മുടെ കഴിവിന് അനുസരിച്ചുള്ള പ്രകടനമായിരുന്നില്ല അതെന്നു ധോണി ടീമംഗങ്ങളോടു പറഞ്ഞു. ഡ്രസിങ് റൂമിൽ വച്ചായിരുന്നു ധോണി താരങ്ങളോട് അത്രയും ദേഷ്യപ്പെട്ടത്. ഫീൽഡിങ്ങിലും ഫിറ്റ്നസിലും മാറ്റം വന്നില്ലെങ്കിൽ നിങ്ങളൊന്നും ലോകകപ്പ് കളിക്കില്ലെന്നു ധോണി മുന്നറിയിപ്പു നൽകി. ഇതിൽ ആര്‍ക്കു മുന്നിൽ മറുപടി പറയേണ്ടിവന്നാലും ഒരു പ്രശ്നവുമില്ലെന്നായിരുന്നു ധോണിയുടെ നിലപാട്.’ – ശ്രീധർ പുസ്തകത്തിൽ വ്യക്തമാക്കി.