പനമരം: പനമരത്ത് ബസും, സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന അഞ്ച്കുന്ന് കളത്തിങ്കൽ ഉന്നതിയിലെ മനു (24 ) വാണ് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. സഹയാത്രികനായ വരദൂർ ചീങ്ങാടി ഉന്നതിയിലെ സുനീഷ് (19 ) സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരം 6.30 ഓടെ പനമരം പാലത്തിന് സമീപമാണ് സംഭവം. കൽപ്പറ്റ ഭാഗത്തേക്ക് പോകുന്ന കാഞ്ഞായി ബസും മാനന്തവാടി ഭാഗത്തേക്ക് സഞ്ചരിച്ച സ്കൂട്ടറും തമ്മിലായിരുന്നു അപകടം.. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മാനന്തവാടി ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും, വിദഗ്ധ ചികിത്സാർഥം കോഴിക്കോടേക്ക് മാറ്റുകയുമായിരുന്നു.