കൽപ്പറ്റ : നിയമ സഭാ പരിസ്ഥിതി സമിതി ഉരുള്‍പൊട്ടിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വയനാട് ജില്ലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങള്‍ ഇ.കെ വിജയന്‍ എം.എല്‍.എ ചെയര്‍മാനും എം എല്‍ എ മാരായ മോന്‍സ് ജോസഫ്, ലിന്റോ ജോസഫ്, ജോബ് മൈക്കിള്‍, ടി.ഐ മധുസൂദനന്‍, കെ.ഡി പ്രസേനന്‍, സജീവ് ജോസഫ് എന്നിവര്‍ അംഗങ്ങളായ സമിതി സന്ദര്‍ശിച്ചു. ദുരന്തത്തിന്റെ വ്യാപ്തി, നാശനഷ്ടങ്ങള്‍, പരിസ്ഥിതിക്കുണ്ടായ ആഘാതം എന്നിവ സംഘം മനസ്സിലാക്കി.
ദുരന്തമുഖത്ത് പ്രതികൂല കാലാവസ്ഥയിലും രക്ഷാ പ്രവര്‍ത്തനം നടത്തിയ വിവിധ സേനാ വിഭാഗങ്ങളേയും സന്നദ്ധ പ്രവര്‍ത്തകരേയും ആപ്ത മിത്ര അംഗങ്ങളേയും നാട്ടുകരേയും സ്തുത്യര്‍ഹ സേവനം നടത്തിയ വിവിവിധ വകുപ്പുകളേയും സമിതി അഭിനന്ദിച്ചു. പുനരധിവാസം ലോകത്തിന് മാതൃകയാവുന്ന വിധം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാ വിഭാഗം ആളുകളുടേയും പിന്തുണയോടെ ഇത് സാധ്യമാകും. ശാസ്ത്രീയ വശങ്ങള്‍ കൂടി പരിഗണിച്ചാവും പുനരധിവാസം. വരും തലമുറയ്ക്ക് കൂടി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് നമ്മുടെ ഉത്തരവാദിത്വം. രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ചെറുപ്പക്കാര്‍ പ്രതീക്ഷ നല്‍കുന്നുവെന്നും സമിതി അഭിപ്രായപ്പെട്ടു.
വിവിധ വകുപ്പുകള്‍ ഇതുവരെ ചെയ്ത കാര്യങ്ങളും സമിതി വിലയിരുത്തി. കോഴിക്കോട്, വയനാട്, മലപ്പുറം ഇടുക്കി തുടങ്ങിയ നാല് ജില്ലകളിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ദുരന്ത സാധ്യതകളും വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ പഠിക്കും. ഡി.ഡി.എം.എയും മുന്നറിയിപ്പ് സംവിധാനവും ശക്തിപ്പെടുത്തണമെന്ന ആവശ്യവും വിവിധ വകുപ്പുകളുടെ നിര്‍ദേശങ്ങളും നിയമ സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നും സമിതി ചെയര്‍മാന്‍ ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു. പി.ഡി.എന്‍ എ ടീം അംഗങ്ങളായ ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, ഡോ. ഹരികുമാര്‍, ജി. ശങ്കര്‍ തുടങ്ങിയവര്‍ സമിതി മുമ്പാകെ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.