കൽപ്പറ്റ: സമഗ്രശിക്ഷ കേരളക്ക് കീഴിൽ ജോലി ചെയ്യുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 3 മുതൽ നടക്കുന്ന അനിശ്ചിതകാല സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ.ടി.എ) സമഗ്ര ശിക്ഷ കേരള വയനാട് ജില്ലാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
ജോലി സ്ഥിരത, ശമ്പള വർദ്ധനവ്, സേവന വേതന വ്യവസ്ഥകൾ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ഡി.വൈ.എഫ്. ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ വിനോദൻ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി.എ ദേവകി, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി ജിഷ ബിന്ദു എം.കെ സ്വാഗതവും , ശ്രീലേഖ ടി.എസ് നന്ദിയും പറഞ്ഞു.