സൂപ്പർ ലീഗ് കേരളയിലേക്ക് സഞ്ജുവിന്റെ ‘മാസ് എൻട്രി’, മലപ്പുറം എഫ്‌സിയുടെ ഓഹരികൾ വാങ്ങി ഇന്ത്യൻ ക്രിക്കറ്റ് താരം

മലപ്പുറം: സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടീമായ മലപ്പുറം എഫ്സിയുടെ സഹ ഉടമയായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സഞ്ജു ടീമിന്റെ സഹ ഉടമകളിലൊരാളായി മാറിയതായി മലപ്പുറം എഫ്സി ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പ്രഖ്യാപിച്ചത്. സഞ്ജുവും ടീമും തമ്മിലുള്ള ചർച്ചകൾ തുടങ്ങിയിട്ടു ദിവസങ്ങളായെങ്കിലും ഇന്നലെയാണു അന്തിമ തീരുമാനത്തിലെത്തിയത്. സഞ്ജു മലപ്പുറം എഫ്സിയുടെ ഭാഗമാകുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണു ടീമിന്റെ ഹോം ഗ്രൗണ്ട്. വി.എ.അജ്‌മൽ ബിസ്‌മി, അൻവർ അമീൻ ചേലാട്ട്, ബേബി നീലാമ്പ്ര, എ.പി.ഷംസുദ്ദീൻ, ആഷിഖ് കൈനിക്കര, ജംഷീദ് പി. ലില്ലി എന്നിവരാണു ടീമിന്റെ മറ്റു സഹ ഉടമകൾ.

ദുലീപ് ട്രോഫി മത്സരങ്ങൾക്കായി ആന്ധ്രപ്രദേശിലെ അനന്ത്പുരിലാണ് സഞ്ജു സാംസൺ ഇപ്പോഴുള്ളത്. ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡി ടീമിന്റെ താരമാണ് സഞ്ജു. മലയാളി താരത്തെ ആദ്യം ദുലീപ് ട്രോഫി ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇഷാൻ കിഷൻ പരുക്കേറ്റു പുറത്തായതോടെ സഞ്ജുവിനെ ടീമിൽ എടുക്കുകയായിരുന്നു. ഇന്ത്യ ഡിയുടെ ആദ്യ മത്സരത്തിൽ താരത്തിനു കളിക്കാൻ അവസരം ലഭിച്ചതുമില്ല. സൂപ്പർ ലീഗ് കേരളയുടെ ആദ്യ മത്സരത്തിൽ മലപ്പുറം എഫ്സി ഫോഴ്സ കൊച്ചിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തോൽപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *