സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(72) അന്തരിച്ചു. ദില്ലിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍ തുടരവേയാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിപിഐഎം ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്.

ഉജ്ജ്വല പാര്‍ലമെന്റേറിയന്‍ കൂടിയായ യെച്ചൂരി തൊണ്ണൂറുകള്‍ തൊട്ട് ദേശീയ തലത്തില്‍ ജനാധിപത്യ മതേതര ചേരി കെട്ടിപ്പടുക്കുന്നതിന്റെ നെടുന്തൂണായിരുന്നു. ആധുനികകാലത്ത് ഇന്ത്യയില്‍ വിപ്ലവ പ്രസ്ഥാനത്തെ നയിക്കാന്‍ ഏറ്റവും ശക്തനും പ്രാപ്തനുമായ ഒരു നേതാവിനെയാണ് യെച്ചൂരി വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത്.1952 ഓഗസ്റ്റ് 12-നാണ് യെച്ചൂരി ജനിച്ചത്.

അച്ഛൻ സർവേശ്വര സോമയാജുല യെച്ചൂരിയും അമ്മ കൽപകം യെച്ചൂരിയും ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശികളാണ്. യെച്ചൂരിയുടെ പിതാവ് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറായിരുന്നു. അമ്മ ഒരു സർക്കാർ ഉദ്യോഗസ്ഥയായിരുന്നു. ഹൈദരാബാദിലെ ഓൾ സെയിൻ്റ്സ് ഹൈസ്കൂളിലായിരുന്നു യെച്ചൂരിയുടെ സ്കൂൾ വിദ്യാഭ്യാസം. പിന്നീട് ദില്ലിയിലെ പ്രസിഡൻറ്സ് എസ്റ്റേറ്റ് സ്കൂളിൽ ചേർന്ന അദ്ദേഹം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷയിൽ അഖിലേന്ത്യാ ഒന്നാം റാങ്ക് കരസ്ഥമാക്കി.

തുടർന്ന് ദില്ലി സെൻ്റ് സ്റ്റീഫൻസ് കോളേജിൽനിന്ന് ബി.എ ഇക്കണോമിക്സിൽ (ഓണേഴ്‌സ്) ബിരുദം നേടി. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ (ജെഎൻയു) നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എം.എ പൂർത്തിയാക്കി. പി.എച്ച്.ഡിയ്ക്കും ജെ.എൻ.യുവിൽ ചേർന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിൻ്റെ അറസ്റ്റോടെ അത് പൂർത്തിയാക്കാനായിരുന്നില്ല.എസ്എഫ്ഐയിലൂടെയാണ് സീതാറാം യെച്ചൂരി പൊതുപ്രവർത്തനരംഗത്തേക്ക് വരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ (ജെഎൻയു) വിദ്യാർത്ഥിയായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ട് ജെയിലിലായിരുന്നു.

1977 നും 1988 നും ഇടയിൽ മൂന്ന് തവണ ജെഎൻയു വിദ്യാർത്ഥി യൂണിയൻ്റെ പ്രസിഡൻ്റായിരുന്നു. ജെ.എൻ.യുവിലെ ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തിയതിന് മുഖ്യപങ്ക് വഹിച്ചത് യെച്ചൂരിയും പ്രകാശ് കാരാട്ടുമായിരുന്നു.1978ൽ എസ്എഫ്ഐയുടെ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡൻ്റായി. കേരളത്തിൽ നിന്നോ ബംഗാളിൽ നിന്നോ അല്ലാത്ത SFI യുടെ ആദ്യത്തെ പ്രസിഡണ്ട് അദ്ദേഹമായിരുന്നു.1975ൽ സിപിഐഎം അംഗമായ യെച്ചൂരി 1984-ൽ സി.പി.ഐ.എമ്മിൻ്റെ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992-ലെ പതിനാലാം കോൺഗ്രസിലാണ് അദ്ദേഹം പൊളിറ്റ്ബ്യൂറോയിലേക്ക് വരുന്നത്. തുടർന്ന് അഖിലേന്ത്യാതലത്തിൽ പാർട്ടിയുടെ മുൻനിരനേതാവായി അദ്ദേഹം മാറുകയായിരുന്നു. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിൽ ഐകകണ്ഠ്യേനയാണ് യെച്ചൂരിയുടെ സിപിഐഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്.

കണ്ണൂരിൽ നടന്ന 23-ാം പാർട്ടി കോൺഗ്രസിൽ വെച്ച് അദ്ദേഹം മൂന്നാം തവണയും ജനറൽ സെക്രട്ടറിയായി. ദി വയറിൻ്റെ എഡിറ്ററും മുമ്പ് ബിബിസി ഹിന്ദി ദില്ലി എഡിറ്ററുമായ സീമ ചിസ്തിയെയാണ് യെച്ചൂരി വിവാഹം കഴിച്ചത്. അദ്ദേഹത്തിൻ്റെ മകൾ അഖില യെച്ചൂരി എഡിൻബർഗ് സർവകലാശാല, സെൻ്റ് ആൻഡ്രൂസ് സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. അദ്ദേഹത്തിൻ്റെ മകൻ ആശിഷ് യെച്ചൂരി 2021 ഏപ്രിൽ 22-ന് കോവിഡ്-19 ബാധിച്ച് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *