ചെന്നലോട്: സമൂഹത്തിൽ ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്ന വിഭാഗമായ കിടപ്പുരോഗികൾക്ക് തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിതരണ ഉദ്ഘാടനം നിർവഹിച്ചു. തരിയോട്, വെങ്ങപ്പള്ളി, കോട്ടത്തറ, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ നിന്നുള്ള പ്രൈമറി പാലിയേറ്റീവ് കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് വിതരണം പൂർത്തിയാക്കിയത്.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ വരുന്ന 5 പഞ്ചായത്തുകളിൽ നിന്നുള്ള പരിചരണം ആവശ്യമുള്ള കിടപ്പ് രോഗികൾക്ക് സാന്ത്വനമായി പ്രവർത്തിച്ചു വരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ്. വളണ്ടിയർമാരായ ടി കെ ജോർജ്, ശാന്തി അനിൽ, സ്റ്റാഫ് നേഴ്സ് കെ രാജാമണി, ഫിസിയോതെറാപ്പിസ്റ്റ് റിയ ഐസൺ, കമ്മ്യൂണിറ്റി നേഴ്സുമാരായ ബീന അജു ആശാവർക്കർമാർ തുടങ്ങിയവർ വിതരണത്തിൽ പങ്കാളികളായി.