തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നിബന്ധനകള്‍ അനുസരിച്ചാണ് പുനരധിവാസ പാക്കേജിനായി നിവേദനം സമർപ്പിച്ചിട്ടുള്ളതെന്നും ഈ നിബന്ധനകള്‍ പ്രകാരം എല്ലാ ചെലവുകളും അതില്‍ പെടുത്താനാവില്ലെന്നും ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ശരിക്കുള്ള ചെലവുകള്‍ ഈ സമർപ്പിച്ച തുകയേക്കാള്‍ വളരെ കൂടുതലാണെന്നും അതിനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മറ്റും കണ്ടെത്തു മെന്നും അവർ പറഞ്ഞു. ഓഗസ്റ്റ് രണ്ടാംവാരം പുനരധിവാസ പാക്കേജ് ലഭിക്കുന്നതിനായി കേന്ദ്രസർക്കാരിനു സമർപ്പിച്ച കണക്കാണിത്. അതു തന്നെയാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ നല്‍കിയതും.
വീടു നഷ്ടപ്പെട്ടവരുടെ ഇടക്കാല താമസത്തിനായി നല്‍കുന്ന വാടക പോലുള്ള നിരവധി ചെലവുകള്‍ കേന്ദ്ര നിബന്ധനകളനുസരിച്ച് ഉള്‍പ്പെടുത്താൻ കഴിയില്ല. വീടുകളുടെ നാശനഷ്ടത്തിനും മറ്റും കേന്ദ്രം നല്‍കുന്ന ധനസഹായം ആവശ്യമായതിനെക്കാള്‍ കുറവാണ്. കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് അനുവദനീയമായ കാര്യങ്ങളില്‍ പണച്ചെലവ് കൂട്ടിക്കാണിച്ചത്. മോഡല്‍ ടൗണ്‍ഷിപ്പ്, പുനരധിവാസം പൂർത്തിയാവും വരെ ഇടക്കാല താമസമടക്കമുള്ള കാര്യങ്ങള്‍, നഷ്ടപരാഹാരം നല്‍കല്‍ എന്നിങ്ങനെ വൻചെലവുള്ള ഏറെക്കാര്യങ്ങള്‍ മുന്നിലുണ്ട്. ഈ കണക്കുകള്‍ ഒരു പ്രൊജക്ഷൻ മാത്രമാണ്, ദുരന്തത്തിന്റെ പ്രാരംഭഘട്ടത്തില്‍ തയ്യാറാക്കിയത്.
സാധാരണ പ്രകൃതിദുരന്ത കാലങ്ങളിലൊക്കെ സ്വീകരിച്ചു വരുന്ന മാതൃകയാണിതെന്നും ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസംഘം ഇവിടെ വന്ന് സംസ്ഥാന സർക്കാരുമായി ചർച്ച നടത്തിക്കഴിഞ്ഞു. വൈകാതെ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുമെന്ന് കരുതുന്നതായും അവർ കൂട്ടിച്ചേർത്തു.