കണിയാമ്പറ്റ: മില്ല്മുക്ക് ജനവാസ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. മില്ലുമുക്ക് പള്ളി താഴെ പ്രദേശങ്ങളില്‍ കഴിഞ്ഞ 4 ദിവസമായി തുടര്‍ച്ചയായി ഇറങ്ങുന്ന കാട്ടുപന്നിക്കൂട്ടം പ്രദേശത്തെ ഒട്ടേറെ കര്‍ഷകരുടെ കപ്പ, വാഴ തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പിക്കുകയാണ്. കഴിഞ്ഞ രാത്രിയിലിറങ്ങിയ കാട്ടുപന്നി പഞ്ചായത്തിലെ കര്‍ഷകനായ കറുത്തോടന്‍ ഇബ്രാഹിമിന്റെ വിളവെടുപ്പിന് പാകമായ അരയേക്കറോളം കപ്പ കൃഷിയാണ് നശിപ്പിച്ചത്. രണ്ടുദിവസം മുന്‍പ് പ്രദേശത്തെ പുല്‍പറമ്പില്‍ ഷുഹൈബ്, പൂളക്കല്‍ ഹക്കീം തുടങ്ങിയ കര്‍ഷകരുടെ വാഴ കൃഷി കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു.
കൂടാതെ സമീപത്തെ നെല്‍ക്കൃഷി ഇറക്കിയ പാടത്തെ വരമ്പുകള്‍ പൂര്‍ണമായും ഉഴുതുമറിച്ച നിലയിലാണ്. ഇതോടെ നെല്‍പാടത്ത് വെള്ളം നില്‍ക്കാത്ത അവസ്ഥയാണ്. സമീപത്തെങ്ങും വനമില്ലാത്ത ഇവിടെ അടുത്തിടെയാണ് മുന്‍പെങ്ങുമില്ലാത്ത വിധം കാട്ടുപന്നിശല്യം വര്‍ധിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. കാട്ടുപന്നികള്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിട്ടും ബന്ധപ്പെട്ട അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.