ചെന്നലോട് : ലൂയിസ് മൗണ്ട് ഹോസ്പിറ്റലിൽ ഒക്ടോബർ 10 മുതൽ 17 വരെ നടത്തപ്പെടുന്ന മാനസീകാരോഗ്യ പ്രദർശനം നെക്സസ് 2024 ൻ്റെ പതാക ഉയർത്തൽ ചടങ്ങ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ചെന്നലോട് സെൻ്റ്. സെബാസ്റ്റ്യൻ ചർച്ച് ഇടവക വികാരി ഫാദർ ജോബി മുക്കാട്ടുകാവുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിസ്റ്റർ റോസ് മാതൃൂ, ഡോ. മെഹബൂബ് റസാഖ്, അൻവിൻ സോയി എന്നിവർ സംസാരിച്ചു.
മാനസികാരോഗ്യം മനസിലാക്കുക, സംരക്ഷിക്കുക, ശക്തിപ്പെടുത്തുക – അതിനുള്ള അവസരം നമുക്ക് നൽകുകയാണ് എക്സ്പോയുടെ ലക്ഷ്യം. മുൻനിര മനോരോഗ/മനശാസ്ത്ര വിദഗ്ധരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും, വിവിധ ചികിത്സാ രീതികളെക്കുറിച്ച് അറിയാനും, മാനസികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രഭാഷണങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ടാകും. ജനങ്ങൾക്ക് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും അറിവുകൾ വിപുലീകരിക്കുന്നതിനും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും സംശയ നിവാരണത്തിനുമുള്ള അവസരം ഒരുക്കുക എന്നത് ലക്ഷ്യത്തോടെ ഒരുക്കുന്ന എക്സ്പോ അഭിനന്ദനാർഹവും മാതൃകാപരവുമാണെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
വ്യക്തിഗത ജീവിതം മാത്രമല്ല, കുടുംബ ജീവിതത്തെയും സമൂഹത്തെയും മാനസികാരോഗ്യം സ്വാധീനിക്കുന്ന ഘടകങ്ങൾ മനസിലാക്കാൻ എക്സ്പോ സഹായിക്കും. വിശ്വസനീയ മാർഗങ്ങളിലൂടെ മാനസികാരോഗ്യ സംരക്ഷണം നേടാൻ വ്യക്തികളെ സഹായിക്കാൻ എക്സ്പോ സാഹചര്യം ഒരുക്കുന്നു.