കൽപ്പറ്റ: ജനങ്ങളുടെ സുരക്ഷക്കും, സ്വത്തിനും കാവൽ നിൽക്കേണ്ട ഭരണകൂടം തന്നെ ക്രിമിനലുകൾ ആയതാണ് കേരളത്തിൻ്റെ വർത്തമാനകാല ദുര്യോഗമെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി പ്രസ്താവിച്ചു. ക്രിമിനൽ പോലീസ് രാജിനെതിരെയും മുഖ്യമന്ത്രി രാജിവെക്കണമെന്ന് അഭ്യർത്ഥിച്ചും മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്കുള്ള മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരാതി പറയാൻ പോലീസ് സ്റ്റേഷനിലെത്തിയ അതിജീവിതയെ പോലീസ് ഉന്നത ഉദ്യോഗസ്ഥർ ചൂഷണം ചെയ്ത് പീഡിപ്പിച്ചത് കേട്ടുകേൾവിയില്ലാത്തതാണ്.
സംഘപരിവാർ രാഷ്ട്രീയത്തിനോട് വിധേയമാകാൻ നിർബന്ധിതരായ മുഖ്യമന്ത്രിയുടെ നിസ്സഹായവസ്ഥ ക്കാണ് സംസ്ഥാനം വില നൽകേണ്ടി വരുന്നത്. സംഘപരിവാറിനെതിരെ നിലപാടെടുത്താൽ കുടുംബം ഒന്നടങ്കം ജയിലിനുള്ളിൽ ആകും എന്ന ഭയമാണ് മുഖ്യമന്ത്രിയുടെ നിസംഗതക്ക് കാരണം. ആർഎസ്എസിന്റെ മുഖ്യ ചുമതലക്കാരെ മുഴുവൻ സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നേരിൽ ചെന്ന് കണ്ട് മണിക്കൂറുകൾ സംസാരിച്ചത് എന്തിനാണെന്നുള്ളത് സമൂഹത്തെ ബോധ്യപ്പെടുത്തണം. ഇടതുപക്ഷത്തെ എംഎൽഎമാരിൽ മൂന്നിലൊന്ന് പേർക്ക് പോലും ഭരണകാലഘട്ടത്തിനിടയിൽ മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ സന്ദർശനാനുമതി ലഭിച്ചില്ലെന്നുള്ള ഭരണകക്ഷി എംഎൽഎയുടെ വെളിപ്പെടുത്തൽ ആശ്ചര്യകരമാണ്.
രാജഭരണം നിലനിൽക്കുന്ന രാജ്യത്തെ രാജാക്കന്മാരെ കാണുന്നതിനുള്ള ലഭ്യത പോലും ജനാധിപത്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്കില്ല എന്നുള്ളത് ഏകാധിപത്യത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് എം.പി നവാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ സ്വാഗതവും ജില്ലാ സീനിയർ വൈസ് പ്രസിഡൻ്റ് എ.പി മുസ്തഫ നന്ദിയും പറഞ്ഞു. നഗരസഭ മുൻ ചെയർമാൻ കെ എം തൊടി മുജീബ്, അലവി വടക്കേതിൽ, ജില്ലാ ഭാരവാഹികളായ ജാഫർ മാസ്റ്റർ, ഷമീം പാറക്കണ്ടി, ജില്ലാ എം എസ് എഫ് പ്രസിഡൻ്റ് റിൻഷാദ് പി.എം എന്നിവർ സംസാരിച്ചു.
ഷാജി കുന്നത്ത്, സമദ് കണ്ണിയൻ, സി.ശിഹാബ്സി.കെ മുസ്തഫ, ശിഹാബ് മലബാർ, സി കെ ഗഫൂർഉനൈസ് സി.ടി, ഹഖീം വി.പി.സി, അസീസ് അമ്പിലേരി, ഷക്കീർ മുട്ടിൽ, ഷരീഫ് മേപ്പാടി, ബഷീർ പഞ്ചാര, അസീസ് വേങ്ങൂര്, റിയാസ് കല്ലുവൽ, ഹാരിസ് കൂളിവയൽ, മോയിൻ കട്ടയാട്ജലീൽ വാളാട്, നൂരിഷ ചേനോത്ത് എന്നിവർ പങ്കെടുത്തു.