വിവിധ പ്രവൃത്തികളുടെ അവലോകന യോഗം ചേർന്നു

കൽപ്പറ്റ: നിയോജ കമണ്ഡലത്തിലെ പി.ഡബ്ല്യു.ഡി റോഡ്, ബില്‍ഡിങ്, പാലം ഉള്‍പ്പെടെയുള്ള പ്രവൃത്തികളുടെ അവലോകന യോഗം കല്‍പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ അധ്യക്ഷതയില്‍ കൽപ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്നു. എച്ച്.എസ് പത്താം മൈല്‍ റോഡിലെ പൈപ്പ് ലൈന്‍ റീസ്റ്റോറേഷന്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാരന് ഈ മാസം 15 നകം പ്രവൃത്തി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യുവാനും, ബാക്കിയുള്ള റോഡ് പ്രവൃത്തി ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനും എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം കൊടുത്തു.

വൈത്തിരി-തരുവണ റോഡ് പ്രവൃത്തി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 6 മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും. ചുരം റോഡ് വികസനത്തിന് പ്രൊപ്പോസല്‍ തയ്യാറാക്കി കൊടുത്തെങ്കിലും തുടര്‍ നടപടികള്‍ ആകാത്തത് സി.എം.ടി യോഗത്തിൽ എം.എല്‍.എ വിമര്‍ശിച്ചു. അടിയന്തരമായി ഈ പ്രവൃത്തി ഏകോപനം നടത്തുന്നതിന് നാഷണല്‍ ഹൈവെ വിഭാഗത്തിന് നിര്‍ദേശം നല്‍കി. നിലവിലുള്ള 2, 4, 9 വളവുകളിലെ റോഡിലെ ബ്രിക്‌സ് (കട്ടകള്‍) ഉയര്‍ത്തുന്നതായിരിക്കുന്ന നടപടി യോഗം വിലയിരുത്തി. മറ്റു വളവുകളിലെ റോഡ് തകര്‍ന്നത് അടിയന്തരമായി അടക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ട് പോകാനും, അത് കൃത്യതയോട് കൂടി പൂര്‍ത്തീകരിക്കുവാനും എം.എല്‍.എ നിര്‍ദേശം നല്‍കി.

നാഷണല്‍ ഹൈവെയിലെ വാര്യട് ഭാഗത്ത് റോഡില്‍ സ്റ്റഡും, തെര്‍മോപ്ലാസ്റ്റിക് പ്രവൃത്തിയും മഴ മാറിയാല്‍ ഉടന്‍ ആരംഭിക്കുമെന്ന് നാഷണല്‍ ഹൈവെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. സി.ആര്‍.ഐ.എഫ് റോഡുകളായ കാവുമന്ദം-മാടക്കുന്ന്-ബാങ്ക്കുന്ന്, വെള്ളമുണ്ട-പന്തിപൊയില്‍-പടിഞ്ഞാറത്തറ, ചെന്നലോട്-ഊട്ടുപാറ എന്നീ റോഡുകളും യോഗത്തില്‍ ചര്‍ച്ചയായി. അതോടൊപ്പം ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ടതായിരിക്കുന്ന വിവിധ വിഷയങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയേയും, ജലവിഭവ വകുപ്പ് മന്ത്രിയേയും പ്രത്യേകം കാണുന്നതിനും, യോഗം വിളിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. പന്തിപൊയില്‍ പാലം, കൽപ്പറ്റ ഔട്ടര്‍ റിങ് റോഡ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കുന്നതിന് വേണ്ടി വീണ്ടും സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.

വൈത്തിരി മിനി സിവില്‍ സ്റ്റേഷന്‍, സുഗന്ധഗിരി പി.എച്ച്.സി എന്നീ പ്രവൃത്തികള്‍ക്ക് നിലവില്‍ ഭരണാനുമതി ലഭിച്ച തുക ഉപയോഗിച്ച് ആദ്യ ഘട്ടമായി പ്രവൃത്തികള്‍ ആരംഭിക്കുവാനും യോഗത്തില്‍ തീരുമാനമായതായി എം.എല്‍.എ അറിയിച്ചു. എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗം എക്‌സി.എഞ്ചിനീയര്‍ സീനത്ത് ബീഗം, അസി. എക്‌സി. എഞ്ചിനീയര്‍ ജസ്റ്റിന്‍ ഫ്രാന്‍സീസ്, പി.ഡബ്ല്യു.ഡി ബില്‍ഡിങ്സ് വിഭാഗം എക്‌സി.എഞ്ചിനീയര്‍ ലക്ഷ്മണന്‍, അസി. എഞ്ചിനീയര്‍മാരായ സതീഷ് കെ പീറ്റര്‍, പ്രദീഷ് കെ.എ, ചന്ദ്രന്‍ ഇ.കെ, വിന്നി ജോണ്‍, അര്‍ച്ചന, കെ.ആര്‍.എഫ്.ബി അസി. എഞ്ചിനീയര്‍ ജിതിന്‍ .എം, വാട്ടര്‍ അതോറിറ്റി, ജലജീവന്‍ മിഷന്‍, നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *