ബത്തേരി : സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സംസ്ഥാന ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലാ ഓർഗനൈസിങ് കമ്മിറ്റി , ഇന്ത്യൻ ചെസ്സ് അക്കാദമി, വിമുക്തി ലഹരി വർജ്ജന മിഷൻ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രീമിയർ ചെസ്സ് അക്കാദമി ട്രോഫി കേരള സ്റ്റേറ്റ് സബ് ജൂനിയർ (അണ്ടർ 15) ഓപ്പൺ & ഗേൾസ്) ചെസ്സ് സെലക്ഷൻ ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും ബത്തേരി ഹോട്ടൽ റീജൻസി ഓഡിറ്റോറിയത്തിൽ നടക്കും. ഇന്നു രാവിലെ 9 മണിക്ക് ഐ.സി. ബാലകൃഷ്ണൻ എം എൽ എ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും.
ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻ്റ് എം. മധു , സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ ഒബ്സർവർ റഫീക്ക്, സ്റ്റേറ്റ് ടെക്നിക്കൽ കമ്മിറ്റി അംഗം ജ്യോതിലാൽ എന്നിവർ പങ്കെടുക്കും. നാളെ 3 .30 ന് നടക്കുന്ന സമാപന യോഗത്തിൽ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി .കെ . രമേഷ് സമ്മാനവിതരണം നടത്തും. സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജോ പറപ്പിള്ളി, ചെസ്സ് ഒളിമ്പ്യൻ പ്രൊഫസർ എൻ ആർ അനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 14 ജില്ലകളിൽ നിന്നും ഓപ്പൺ, ഗേൾസ് വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെടുന്ന 8 കുട്ടികൾ അടക്കം ആകെ 112 കളിക്കാർ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നതാണ്. ഈ ടൂർണമെന്റിൽ ഓരോ വിഭാഗങ്ങളിലും ആദ്യ 4 സ്ഥാനങ്ങൾ നേടുന്നവർ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതാണ്.