ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ: ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വീടിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. വീടിന്റെ അറ്റകുറ്റ പണികള്‍ക്ക് 50,000 രൂപയാണ് ധനസഹായം. അപേക്ഷകയുടെ സ്വന്തം അല്ലെങ്കില്‍ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാന ദായക ആയിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന ലഭിക്കും. അപേക്ഷകയ്‌ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുളള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുളളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
2022-23 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് റിപ്പയര്‍ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീര്‍ണ്ണം 1200 സ്വകയര്‍ ഫീറ്റില്‍ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയര്‍ അല്ലെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ എന്നിവയില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം ലഭ്യമാക്കണം. മറ്റു വകുപ്പുകളില്‍ നിന്നോ, സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍/ പഞ്ചായത്ത് സെക്രട്ടറി എന്നിവരില്‍ നിന്നും സാക്ഷ്യപത്രം ലഭ്യമാക്കണം. പൂരിപ്പിച്ച അപേക്ഷ ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, കളക്ടറേറ്റ്, വയനാട് എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.

Leave a Reply

Your email address will not be published. Required fields are marked *