ജില്ലയിലെ പ്രധാന അറിയിപ്പുകൾ

എയ്ഡ്സ് ബോധവത്ക്കരണം; മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

ആരോഗ്യവകുപ്പും സംസ്ഥാന എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റിയും സംയുക്തമായി എയ്ഡ്സ് അവബോധം സൃഷ്ടിക്കുന്നതിന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ 9 ന് രാവിലെ 9.30 ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഫ്‌ളാഷ് മോബ് മത്സരം നടക്കും. 17 നും 25 നും ഇടയില്‍ പ്രായമുള്ള യുവതി-യുവാക്കള്‍- ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങള്‍ക്കായുള്ള മാരത്തണ്‍ മത്സരം ഒക്ടോബര്‍ 16 ന് രാവിലെ 8 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ മുതല്‍ മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജ് വരെയും നടത്തും. ഫ്‌ളാഷ് മോബ് മത്സര വിജയികള്‍ക്ക് യഥാക്രമം 5000,4500,4000,3500,3000 രൂപയും മാരത്തണ്‍ വിജയികള്‍ക്ക് 5000,3000,2000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കും. ഫ്‌ളാഷ് മോബ് മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന എയ്ഡ്സ് ബോധവത്ക്കരണ പരിപാടികളില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിക്കാന്‍ അവസരവുമുണ്ട്. താത്പര്യമുള്ളവര്‍ ഫ്‌ളാഷ് മോബിന് ഒക്ടോബര്‍ 7 നകവും മാരത്തേണിന് ഒക്ടോബര്‍ 14 നകവും 98471 62300, 9349714000 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

മേല്‍കൂര ചോര്‍ച്ച: ധനസഹായത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വീടുകളുടെ ചോര്‍ച്ച പരിഹരിക്കുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ ഏജന്‍സികള്‍ മുഖേന, മുന്‍വര്‍ഷങ്ങള്‍ അനുവദിച്ച് നല്‍കിയ, നിലവില്‍ വാസയോഗ്യമായ വീടുകളുടെ മേല്‍കൂര ചോര്‍ച്ചക്കാണ് ധനസഹായം. വീടുകളുടെ കാലപ്പഴക്കം ആറുവര്‍ഷം പൂര്‍ത്തിയായതും വീടിന്റെ വിസ്തീര്‍ണ്ണം 450 സ്‌ക്വയര്‍ ഫീറ്റില്‍ അധികരിക്കാത്ത പൂര്‍ണ്ണമായും ചോര്‍ച്ചയുള്ള വീടുകളും അടിയ – പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗക്കാര്‍, അധിദരിദ്രരുടെ ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്കും മുന്‍ഗണന. വരുമാനം ഒരു ലക്ഷത്തില്‍ അധികരിക്കരുത്. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 നകം പൂരിപ്പിച്ച അപേക്ഷകള്‍ അതത് താലൂക്കുകളിലെ പട്ടികവര്‍ഗ്ഗ വികസന ഓഫീസുകളില്‍ നല്‍കണം. അപേക്ഷ ഫോറം കല്‍പ്പറ്റ ഐ.ടി.ഡി.പി ഓഫീസ്, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ജില്ലയിലെ എല്ലാ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. ഫോണ്‍ – 04936 202232.

ശൈശവ വിവാഹ നിരോധനം: തീയേറ്റര്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു

ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഔവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെയും സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ശൈശവ വിവാഹ നിരോധന നിയമം സംബന്ധിച്ച് കുട്ടികള്‍ക്കിടയില്‍ അവബോധം സൃഷ്ട്ടിക്കാന്‍ തീയേറ്റര്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. നടന്ന വര്‍ക്ക് ഷോപ്പ് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് ഉദഘാടനം ചെയ്തു. വര്‍ക്ക് ഷോപ്പിന് സുരേന്ദ്രന്‍ തിന്നാന പാലക്കാട് നേതൃത്വം നല്‍കി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്നാ തോമസ് അധ്യക്ഷയായ പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.ആര്‍ നിഷ, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് മജേഷ് രാമന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.എ നസീറ, സൈക്കോളജിസ്റ്റ് ഹരിത പോള്‍, പ്രൊജക്റ്റ് അസിസ്റ്റന്റ് എം. വിന്ദുജ എന്നിവര്‍ സംസാരിച്ചു.

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജി കെ.ആര്‍ സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 11 ന് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സുല്‍ത്താന്‍ ബത്തേരി കുടുംബ കോടതിയിലും ഒക്ടോബര്‍ 19 ന് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ മാനന്തവാടി കുടുംബ കോടതിയിലും ക്യാമ്പ് സിറ്റിങ് നടത്തും.

സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്

വ്യവസായ വാണിജ്യ വകുപ്പ് സംരംഭകര്‍ക്കായി വര്‍ക്ക് ഷോപ്പ് നടത്തുന്നു. കളമശ്ശേരി കെ.ഐ.ഇ.ഡി ക്യാമ്പസില്‍ ഒക്ടോബര്‍ 15 മുതല്‍ 19 വരെയാണ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവര്‍ http://kied.info/training-calender/ ല്‍ ഒക്ടോബര്‍ 12 നകം അപേക്ഷ നല്‍കണം. ഫോണ്‍ -0484-2532890, 2550322, 9188922800.

ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജിയില്‍ പ്രവേശനം

കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജി കോഴ്‌സിലേക്ക് പ്രവേശനം. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍- 9526871584.

ലേലം

പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴില്‍ കല്‍പ്പറ്റ- മാനന്തവാടി സംസ്ഥാന പാതയോരത്ത് മുറിച്ചിട്ട കലയം മരം ഒക്ടോബര്‍ 9 ന് രാവിലെ 11 ന് കല്‍പ്പറ്റ പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍- 9447349430

Leave a Reply

Your email address will not be published. Required fields are marked *