പുല്‍പ്പള്ളി: ആടിക്കൊല്ലി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി. ഭൗതിക സൗകര്യം ആവശ്യത്തിനുണ്ടായിട്ടും ഡിസ്‌പെന്‍സറി ആശുപത്രിയാക്കാന്‍ നീക്കമില്ലെന്ന് ജനം പറയുന്നു. കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുവരെ ആളുകള്‍ ചികിത്സയ്ക്ക് ആടിക്കൊല്ലിയില്‍ എത്തുന്നുണ്ട്. ലക്ഷക്കണക്കിനു രൂപ മുടക്കി ഡിസ്‌പെന്‍സറിക്കു നിര്‍മിച്ച കെട്ടിടം ജനത്തിന് ഉപകാരപ്പെടുന്നില്ല. കെട്ടിടത്തിന്റെ മുകള്‍നില പൂര്‍ണമായും ഒഴിഞ്ഞുകിടക്കുകയാണ്.
1991ല്‍ ജനകീയ കമ്മിറ്റി പഞ്ചായത്തിന് സൗജന്യമായി നല്‍കിയ അര ഏക്കറോളം സ്ഥലത്താണ് ആദ്യത്തെ ഡിസ്‌പെന്‍സറി കെട്ടിടം നിര്‍മിച്ചത്. 2000ല്‍ കെ. മുരളീധരന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നു അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ച് ഇരുനില കെട്ടിടം പണിതു. 2001ല്‍ ഡിസ്‌പെന്‍സറി ആശുപത്രിയാക്കാന്‍ തീരുമാനമായിരുന്നു. രണ്ട് പതിറ്റാണ്ട് കഴിഞ്ഞും തീരുമാനം നടപ്പായില്ല. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും കൂട്ടായി പരിശ്രമിച്ചാല്‍ ഡിസ്‌പെന്‍സറി ആശുപത്രിയാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുമെന്നാണ് ജനങ്ങളുടെ അഭിപ്രായം.