മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

തിരുവനന്തപുരം: അന്ത്യോദയ അന്നയോജന (മഞ്ഞ), മുൻഗണന (പിങ്ക്) റേഷൻ കാർഡ് അംഗങ്ങളുടെ റേഷൻ മസ്റ്ററിങ് സമയ പരിധി ഒരു മാസം കൂടി നീട്ടി നല്‍കി. അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിൽ റേഷൻ മസ്റ്ററിങ് ഒരുമാസത്തേക്ക് കൂടി നീട്ടണമെന്ന കുറുക്കോളി മൊയ്തീന് എം.എൽ.എയുടെ ആവശ്യം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അംഗീകരിച്ചു. കിടപ്പു രോഗികൾക്കും അഞ്ചു വയസിന് താഴെയുള്ള റേഷൻ കാർഡിലെ പേര് ചേർക്കപ്പെട്ടവർക്കും മസ്റ്ററിങ് പൂർത്തിയാക്കാൻ സാധിക്കാത്തതിനാലാണ് എം.എൽ.എ ആവശ്യം ഉന്നയിച്ചത്.

കിടപ്പ് രോഗികൾക്ക് വീടുകളിൽ ചെന്നാൽ മാത്രമേ മസ്റ്ററിങ് നടത്താൻ സാധിക്കുകയുള്ളൂ. അത് പൂർത്തിയാക്കാത്ത ഇടങ്ങളിൽ അതിനുള്ള സംവിധാനം ഉണ്ടാക്കണം. അഞ്ചു വയസ്സിന് താഴെ പ്രായമുണ്ടായിരുന്നപ്പോൾ പേര് ചേർക്കപ്പെട്ട കുട്ടികളുടെ വിരലടയാളം പ്രായം കൂടിയപ്പോൾ വ്യത്യാസം കാണിക്കുന്നതിനാൽ മസ്റ്ററിങ് നടത്താൻ സാധിക്കുന്നില്ല. ഇവ ചൂണ്ടിക്കാട്ടിയാണ് റേഷൻ മസ്റ്ററിങ്ങിനുള്ള സമയപരിധി ദീർഘിപ്പിക്കണമെന്ന് കുറുക്കോളി മൊയ്തീന് എം.എൽ.എ നിവേദനം നല്കിയത്.

അന്ത്യോദയ അന്നയോജന(മഞ്ഞ), മുൻഗണന (പിങ്ക്) റേഷൻ കാർഡ് അംഗങ്ങളുടെ റേഷൻ മസ്റ്ററിങ് സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ ഇതുവരെ പൂർത്തിയായത് 60 ശതമാനം മാത്രമായിരുന്നു. ഉപഭോക്താക്കളിൽ 40 ശതമാനം പേർക്കും മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ മസ്റ്ററിങ് നീട്ടണമെന്ന് ആവശ്യം ഉയർന്നിരുന്നു. ആധാർ പുതുക്കാത്തവർക്കും റേഷൻ കാർഡിലെയും ആധാർ കാർഡിലെയും പേരുകളിൽ പൊരുത്തക്കേടുകൾ ഉള്ളവർക്കും മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയും നിരവധി പേര് മസ്റ്ററിങ് ചെയ്യാനുണ്ട്.

പലയിടങ്ങളിലും ആളുകൾ എത്താത്തതും ചിലയിടങ്ങളിൽ ഇ പോസ് മെഷീന് പണിമുടക്കുന്നതുമാണ് മസ്റ്ററിങ് ഇഴയാൻ ഇടയാക്കുന്നത്. പത്ത് വയസിനു താഴെയുള്ള കുട്ടികൾ, കൈവിരലിന്റെ തൊലിപ്പുറത്ത് അസുഖം ബാധിച്ചവർ, കൈവിരൽ പതിയാത്ത മുതിർന്ന അംഗങ്ങൾ, സിമന്റ് കെമിക്കൽ കശുവണ്ടി ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ, മാനസിക വിഭ്രാന്തിയുള്ളവർ, കിടപ്പുരോഗികൾ, ഭിന്ന ശേഷിക്കാർ എന്നിവരുടെ ഇപോസ് യന്ത്രത്തിലൂടെയുള്ള ബയോമെട്രിക് സംവിധാനം പരാജയപ്പെടുന്നുണ്ട്. അതിനാൽ തന്നെ ഇത്തരം അംഗങ്ങളുള്ള കാർഡ് ഉടമകളുടെ റേഷന് വിഹിതം അടുത്ത മാസം മുതൽ കുറയുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. മസ്റ്ററിങ് പരാജയപ്പെടുന്നവർക്ക് ക്ഷേമപെൻഷനില്‍ ഉള്ളത് പോലെ ബദല്‍ സംവിധാനം ഉണ്ടോയെന്ന് പല റേഷൻ ഷാപ്പ് ഉടമകള്‍ക്കും അറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *