കല്‍പ്പറ്റ: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു. ജൂണ്‍ മാസത്തില്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടില്‍.
79 ശതമാനം മഴയുടെ കുറവാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്. വയനാട്ടില്‍ 671 .1 മി.മീ മഴയായിരുന്നു ജൂണ്‍ മാസത്തില്‍ ലഭിക്കേണ്ടിയിരുന്നത്. 141 മി.മീ മഴയാണ് ലഭിച്ചത്. ജൂലായ് രണ്ടുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിക്കും. ജില്ലയിലെ മഴക്കുറവ് കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. ജില്ലയില്‍ നെല്‍കൃഷി ഇതുവരെയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
സാധാരണ ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് വയനാട്ടില്‍ കൂടിയ അളവില്‍ മഴ ലഭിക്കാറുള്ളത്. ഇതില്‍ ജൂണ്‍ മാസത്തിലെ മഴ കണക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇത് കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചേക്കും. ജൂലായ് 2 മുതല്‍ 8 വരെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചനം നടത്തിയിട്ടുണ്ട്. അടുത്തിടെയുണ്ടായ ഏറ്റവും ദുര്‍ബലമായ കാലവര്‍ഷമാണ് ഇപ്പോഴത്തേത്. ജൂലായ് 15ന് ശേഷം വയനാട്ടില്‍ മഴ ശക്തി പ്രാപിക്കുമെന്നാണ് നിഗമനം.
ഓഗസ്റ്റ് മാസത്തില്‍ അതി തീവ്രമഴ ലഭിക്കാനുള്ള സാദ്ധ്യതയും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം തള്ളിക്കളയുന്നില്ല. 2018ലും 19ലും ഓഗസ്റ്റ് മാസത്തില്‍ ആയിരുന്നു വയനാട്ടില്‍ പ്രളയമുണ്ടായത്.