കാവുംമന്ദം: ചെറുതല്ലൊരിലയും എന്ന ആശയത്തെ മുൻനിർത്തി തരിയോട് ഗവ. എൽ പി സ്കൂളിൽ നടത്തിയ ഇലപ്പെരുമ 2024 എന്ന പേരിൽ സംഘടിപ്പിച്ച ഔഷധസസ്യപ്രദർശനം ശ്രദ്ധേയമായി. വിദ്യാർത്ഥികൾ ശേഖരിച്ചു കൊണ്ടുവന്ന 200 ഓളം ഇനങ്ങളിൽപ്പെട്ട വൈവിധ്യമാർന്ന ഔഷധസസ്യങ്ങൾ കാണാനും അവയുടെ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ഈ പ്രദർശനം സഹായകമായി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പ്രദർശനം ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് ആൻറണി അധ്യക്ഷത വഹിച്ചു. ഔഷധസസ്യങ്ങളും ഉപയോഗവും എന്ന വിഷയത്തിൽ ഡോ. അഞ്ജുഷ വിദ്യാർഥികളുമായി സംവദിച്ചു. മരൾ, ചന്ദ്രവല്ലി, വെള്ളോടൽ തുടങ്ങിയ അപൂർവയിനം സസ്യങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു.
ജനങ്ങൾ പൊതുവേ ശ്രദ്ധിക്കാതിരിക്കുകയും പലപ്പോഴും അവഗണിക്കുകയും ചെയ്യുന്ന സസ്യങ്ങളിൽ പലതും ഔഷധഗുണമുള്ളവയാണെന്ന തിരിച്ചറിവ് കുട്ടികളിലുണ്ടാക്കാൻ ഈ പ്രദർശനത്തിലൂടെ സാധിച്ചു. സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇലപ്പെരുമ 2024 സംഘടിപ്പിച്ചത്. എസ് എം സി ചെയർമാൻ ബി സലിം, എം പി ടി എ പ്രസിഡന്റ് രാധിക ശ്രീരാഗ് തുടങ്ങിയവർ സംസാരിച്ചു. പ്രധാന അധ്യാപിക ബിന്ദു തോമസ് സ്വാഗതവും, സീനിയർ അസിസ്റ്റന്റ് പി ശശികുമാർ നന്ദിയും പറഞ്ഞു. പ്രദർശനം വീക്ഷിക്കുന്നതിനായി ധാരാളം രക്ഷിതാക്കളും നാട്ടുകാരും വിദ്യാലയത്തിൽ എത്തി. ക്ലാസ് തല പ്രദർശനത്തിലെ വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങളും വിതരണം ചെയ്തു.