നേതാക്കള്‍ക്കെതിരായ കള്ളക്കേസ്: കോണ്‍ഗ്രസ് എസ് പി ഓഫീസ് മാര്‍ച്ച് ജൂലൈ നാലിന്

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് ജയിലിലടക്കാനുള്ള ശ്രമത്തിനെതിരെ ഡി സി സിയുടെ നേതൃത്വത്തില്‍ ജൂലൈ നാലിന് എസ് പി ഓഫീസ് മാര്‍ച്ചും, മണിപ്പൂര്‍ കലാപത്തില്‍ ദുരിതം അനുഭവിക്കുന്ന ജനതക്ക് ഐക്യദാര്‍ഢ്യവുമായി ജൂലൈ ആറിന് ഉപവാസസമരവും നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ പൊതുമുതല്‍ മുഴുവന്‍ കൊള്ളയടിച്ച് ബന്ധക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വീതം വെക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി. പിണറായി പറയുന്നത് അനുസരിച്ച് സംസാരിക്കാനും പ്രവര്‍ത്തിക്കാനും മാത്രമുള്ളയാളാണ് സി പി എം സംസ്ഥാന സെക്രട്ടറി. നികുതി വര്‍ധനവിലൂടെ ജനങ്ങളെ ദ്രോഹിച്ച സര്‍ക്കാര്‍ അവരുടെ നിത്യജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് നേരെ കണ്ണടക്കുകയാണ്. അവശ്യവസ്തുക്കളുടെ അനിയന്ത്രിത വിലക്കയറ്റം തടയാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കോണ്‍ഗ്രസ് രാജ്യത്ത് നടപ്പിലാക്കിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുള്ളത് കൊണ്ടാണ് പാവപ്പെട്ട ജനങ്ങള്‍ ഇന്ന് പട്ടിണി കിടക്കാതെ കിടക്കുന്നത്. അഴിമതിയും കൊള്ളയും മാത്രമാണ് ഈ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ നേതൃത്വത്തിലുള്ള പ്രസാഡിയോ കമ്പനിക്കാണ് കരാറുകള്‍ നിയമവിരുദ്ധമായി നല്‍കുന്നത്. സ്വപ്‌നസുരേഷ് നിരവധിയായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ഒരു മാനനഷ്ടകേസ് കൊടുക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകാത്തത് സംശയാസ്പദമാണ്. ഏറ്റവുമൊടുവില്‍ തഴപ്പായയില്‍ തിരുവനന്തപുരത്തേക്ക് പണം കൊണ്ടുപോയ സംഭവവും പുറത്തുവന്നിരിക്കുകയാണ്. എന്നാല്‍ ഇതിനെ പറ്റിയും യാതൊരു അന്വേഷണവുമില്ല. . മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അഴിമതികള്‍ നിയമസഭയില്‍ ഉന്നയിക്കുമ്പോള്‍ അവര്‍ക്ക് വലിയ ഭൂരിപക്ഷം സഭയില്‍ ഉള്ളത് കൊണ്ട് എല്ലാവരും കൂടി ചേര്‍ന്ന് ആരോപണങ്ങളെ ബഹളം വെച്ച് പ്രതിപക്ഷനേതാക്കളെ സംസാരിക്കാന്‍ അനുവദിക്കാത്ത അവസ്ഥയാണ്. ഇത്തരം കാര്യങ്ങള്‍ നിയമസഭക്ക് അകത്തും പുറത്തും യു ഡി എഫ് ഉന്നയിക്കുന്നതിന്റെ പേരിലാണ് മോന്‍സണ്‍ മാവുങ്കലിന്റെ പേര് പറഞ്ഞ് കെ പി സി സി പ്രസിഡന്റിന്റെ പേരില്‍ കള്ളക്കേസെടുത്ത് ജയിലിലടക്കാന്‍ ശ്രമിക്കുന്നത്. 2018-19-ല്‍ പ്രളയക്കെടുതിയുണ്ടായപ്പോള്‍ കായലിന് സമീപത്ത് ദുരിതം അനുഭവിച്ചവരാണ് പ്രതിപക്ഷനേതാവിന്റെ മണ്ഡലത്തിലുള്ള ജനങ്ങള്‍. അവിടെവീടുകള്‍ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയപ്പോള്‍ പ്രതിപക്ഷനേതാവിന്റെ സുഹൃത്തുക്കളായ പ്രവാസികളുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ ട്രസ്റ്റ് രൂപീകരിച്ചാണ് പണം സ്വരൂപീച്ചത്. അത് ഉപയോഗിച്ച് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 264 വീടുകളാണ് ഉണ്ടാക്കി നല്‍കിയത്. അത് സി പി എമ്മിന് വന്‍ രാഷ്ട്രീയ തിരിച്ചടിയാണെന്ന് മനസിലാക്കിയപ്പോഴാണ് സര്‍ക്കാരിന്റെ സമ്മതമില്ലാതെ പുറത്ത് നിന്നും പണം വാങ്ങി അഴിമതി നടത്തിയെന്ന ആരോപണം ഉന്നയിക്കുന്നത്. ഭരണത്തിന്റെ ഗര്‍വ് കൊണ്ട് അഹങ്കരിക്കുന്ന മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണ്. കൊവിഡ് കാലത്ത് മുഖ്യമന്ത്രിയെ എല്ലാദിവസവും ടി വിയിലും പത്രങ്ങളിലും കാണാമായിരുന്നു. അതിന് ശേഷം സ്വപ്‌നസുരേഷിന്റെ വെളിപ്പെടുത്തലുകള്‍ ഉണ്ടായതിന് ശേഷം ഇതുവരെ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ തയ്യാറായിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തുകൊണ്ട് വിശദീകരിച്ചുകൂട. പിണറായി വിജയന്‍ സി പി എമ്മിന്റെയല്ല, കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ്. ഭരണത്തിന്റെ മറവില്‍ ഉമ്മാക്കി കാട്ടി കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് ഉദ്ദേശമെങ്കില്‍ 138 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായ തിരച്ചടി നല്‍കും. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കൊള്ളയും, നിയമനങ്ങളുമൊക്കെയാണ് കോടാനുകോടി രൂപയുടെ അഴിമതികള്‍ നടന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കന്മാരെ കള്ളക്കേസില്‍ കുടുക്കുന്നതിനെതിരെ ജൂലൈ നാലിന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ ടൗണില്‍ നിന്നും ആരംഭിക്കുന്ന എസ് പി ഓഫീസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കും. ആ സമരം വിജയിപ്പിക്കുന്നതായി എല്ലാ ജനാധിപത്യവിശ്വാസികളും സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. എസ് പി ഓഫീസ് മാര്‍ച്ച് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കും. വേട്ടയാടലിലും, കെടുകാര്യസ്ഥതയുമടക്കമുള്ള സര്‍ക്കാരിന്റെ കൊള്ളക്കെതിരെയുള്ള ശക്തമായ സമരത്തില്‍ പൊതുസമൂഹത്തിന്റെ പിന്തുണ അഭ്യര്‍ഥിക്കുകയാണ്.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ 108 പേരോളം മരിച്ചിട്ടും സ്ഥലം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. എന്നാല്‍ സമാധാനത്തിന്റെ ദൂതുമായി രാഹുല്‍ഗാന്ധിയാണ് സ്ഥലത്തെത്തി ദുരിതം പേറുന്നവരുടെ കണ്ണീരൊപ്പിയത്. ഒരു രാഷ്ട്രീയതാല്‍പര്യവും ഈ വിഷയത്തിലുണ്ടായിരുന്നില്ല. മണിപ്പൂര്‍ നിവാസികളെ കേള്‍ക്കാനോ, കാണാനോ തയ്യാറാകാതെ പ്രധാനമന്ത്രി വിദേശത്തേക്ക് പോകുകയാണ് ചെയ്തത്. രണ്ട് മാസമായി ജനജീവിതം ദുസഹമായിട്ടും പരിഹാരമുണ്ടാക്കാന്‍ ബി ജെ പി സര്‍ക്കാരിന് സാധിച്ചില്ല. ഗവര്‍ണറും മൗനത്തിലാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് രാഹുല്‍ഗാന്ധി സ്ഥലം സന്ദര്‍ശിച്ചത്. മണിപ്പൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാത്ത സര്‍ക്കാരിനെ പിരിച്ചുവിടാന്‍ തയ്യാറാകണം. ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജൂലൈ ആറിന് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഡി സി സി പ്രസിഡന്റ്, കല്‍പ്പറ്റ, ബത്തേരി എം എല്‍ എമാര്‍ എന്നിവര്‍ ഉപവാസമിരിക്കും. നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിവാദ്യവുമായി ഉപവാസപന്തലിലെത്തും. സമരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രാവിലെ നിര്‍വഹിക്കും.
സി പി എം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയില്‍ 108 കോടി രൂപയുടെ അഴിമതി നടന്നതായി ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. കുടുംബശ്രീക്കാരോടും, സഹകരണ ജീവനക്കാരില്‍ നിന്നും, സര്‍ക്കാരില്‍ നിന്നുമടക്കം ലഭിച്ച കോടിക്കണക്കിന് രൂപയെ സംബന്ധിച്ച് കണക്കും കാര്യങ്ങളുമില്ലാത്ത അവസ്ഥയാണ്. രണ്ട് മാസമായി ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളമില്ല. നിലവില്‍ സ്ഥാപനം പൂട്ടിക്കിടക്കുകയാണ്. അടിയന്തരമായി ബന്ധപ്പെട്ടവര്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ തയ്യാറാകണം. സ്ഥാപനത്തിനെതിരെ അന്വേഷണം നടത്തി അഴിമതി നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇനിയും സൊസൈറ്റിക്ക് ഖജനാവില്‍ നിന്നും ജനങ്ങളുടെ നികുതിപ്പണം നല്‍കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ക്കും. പ്രതിഷേധം കൂടുതല്‍ ശക്തമാക്കും. വയനാട്ടിലെ ജനങ്ങള്‍ പ്രതിസന്ധികള്‍ക്ക് നടുവിലാണ്. വന്യമൃഗങ്ങള്‍ കൃഷിനാശമടക്കമുണ്ടാക്കുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞു. വയനാടിനെ തീര്‍ത്തും അവഗണിച്ചുകൊണ്ടാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെത്തി പ്രഖ്യാപിച്ച 7000 കോടി രൂപയുടെ പാക്കേജില്‍ ഒന്നും ഒന്നും ചിലവഴിക്കാന്‍ ഇതുവരെ സാധിച്ചില്ലെന്നും നേതാക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *