കൽപ്പറ്റ: നൈപുണ്യ വികസനവും സുസ്ഥിരമായ തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഡി.ഡി.യു.ജി.കെ.വൈ.സ്കീമിൽ കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ കൽപ്പറ്റ പുളിയാർമല ലൗ ഗ്രീൻ അസോസിയേഷനിലാണ് ഇന്ന് ഭക്ഷ്യമേള സംഘടിപ്പിച്ചത്. ഹോട്ടൽ മാനേജ്മെൻ്റ്, ഏവിയേഷൻ എന്നീ കോഴ്സുകളാണ് ലൗ ഗ്രീൻ അക്കാദമിയിൽ നടക്കുന്നത്. പഠനത്തിൻ്റെ ഭാഗമായാണ് വിവിധ ബാച്ചുകളിലെ 175 കുട്ടികൾ ഭക്ഷ്യമേളയും ഡെമോ എയർപോർട്ട് പ്രദർശനവും നടത്തിയത്. ചടങ്ങിൽ വയനാട് അസിസ്റ്റൻ്റ് കലക്ടർ എസ് ഗൗതംരാജ് ഐ.എ.എസ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, എഡി.എം.എസ് അമീൻ കെ, ഡി.പി.എം ജെൻസൺ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ജോലി ലഭിച്ച വിദ്യാർത്ഥികൾക്ക് അസിസ്റ്റന്റ് കലക്ടർ എസ്. ഗൗതംരാജ് ഐ.എ.എസ് ചടങ്ങിൽ കാൾ ലെറ്ററുകൾ വിതരണം ചെയ്തു. തട്ടുകട മുതൽ ഫൈവ് സ്റ്റാർ വിഭവങ്ങൾ വരെ ഉൾപ്പെടുത്തിയ ആറ് സ്റ്റാളുകളാണ് രുചിപ്പെരുമയുടെ വിസ്മയമായി മാറിയത്. കേരളത്തിലെ തനത് വിഭവമായ കപ്പ, മലയാളികളുടെ ഇഷ്ടവിഭവമായ പൊറോട്ട, ബിരിയാണി ചൈനീസ് ഫ്രൈഡ് റൈസ്, മഞ്ചൂരിയൻ, ന്യൂഡിൽസ്, അറേബ്യൻ വിഭവമായ അൽഫാം മന്തി കോണ്ടിനെന്റൽ ഐറ്റങ്ങൾ എന്നിവ മേളയിലെ പ്രധാന ആകർഷണങ്ങളാണ്.
ഭക്ഷണത്തിന്റെ തീമിനനുസരിച്ച വസ്ത്രങ്ങൾ ധരിച്ച വിദ്യാർത്ഥികൾ മേളയുടെ മുഖ്യ ആകർഷണമായിരുന്നു. ഇരുപതോളം തരത്തിലുള്ള ജ്യൂസുകളും പാനീയവും അടങ്ങിയ ബിവറേജ് കൗണ്ടർ, വിവിധ തരത്തിലുള്ള ഐസ്ക്രീം, പുഡ്ഡിംഗ്, ഫ്രൂട്ട് സാലഡ് എന്നിവ അടങ്ങിയ ഡെസേർട്ട് കൗണ്ടർ തുടങ്ങിയവ വിദ്യാർത്ഥികൾ ഒരുക്കിയിരുന്നു. വിദ്യാർത്ഥികളുടെ നൃത്തവും ഗാനവും പരിപാടിയുടെ ഭാഗമായിരുന്നു. മുന്നൂറോളം രക്ഷിതാക്കൾ പങ്കെടുത്തു.