കൽപ്പറ്റ: വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരമാണ് ജില്ലയിലെ വിവിധ സ്‌റ്റേഷന്‍ പരിധികളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മസാജ് സ്പാ കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തിയത്. മതിയായ രേഖകളില്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ചു വന്നിരുന്ന 37 സ്പാ നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനുള്ളില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് കേരളാ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍ ആക്ട് 2018 പ്രകാരം രജിസ്റ്റര്‍ ചെയ്ത ലൈസന്‍സ് നിര്‍ബന്ധമാണ്.
ഈ രേഖയില്ലാതെയും കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവിടങ്ങളില്‍ നിന്നുമുള്ള അനുമതി രേഖകളും വിദഗ്ദ്ധ പരിശീലനം സിദ്ധിച്ചവരില്ലാതെയുമാണ് പല മസ്സാജ് സ്പാ കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു വരുന്നത്. ടൂറിസത്തിന്റെ മറവില്‍ ആയുര്‍വേദ മസാജ് എന്ന പേരില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന അനധികൃത സ്പാകള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കും. വരും ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട് പരിശോധനയും അനധികൃത കേന്ദ്രങ്ങള്‍ക്കെതിരെയുള്ള നിയമ നടപടികളും സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.