കണിയാമ്പറ്റ ഗവ:ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഫാമിലി മെഗാക്വിസ് സംഘടിപ്പിച്ചു

കണിയാമ്പറ്റ: ‘വായനയാണ് വഴി’എന്ന സന്ദേശമുയർത്തി കണിയാമ്പറ്റ ഗവ:ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുമിച്ചു പങ്കെടുക്കാവുന്ന ഫാമിലി മെഗാക്വിസ് സംഘടിപ്പിച്ചു. കുട്ടികളുടെ സ്വതന്ത്ര വായനയും എഴുത്തും പരിപോഷിപ്പിക്കുന്ന വീട്ടകങ്ങൾ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം പരിപാടി സംഘടിപ്പിച്ചത്. കുട്ടിയും രക്ഷിതാവും ഒരു ടീമായി പങ്കെടുത്ത സവിശേഷ മത്സരം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.രഘുനാഥ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ ഷിബു. എ.കെ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രധാനാധ്യാപകൻ സുമിത്ത് ശ്രീധരൻ പദ്ധതി വിശദീകരണം നിർവഹിച്ചു. പ്രോഗ്രാം ഡയറക്ടർ അജ്മൽ കക്കോവ് സ്വാഗതവും ഡോ.റീന സതീഷ് നന്ദിയും പറഞ്ഞു. ‘ഇന്ത്യ : സ്വാതന്ത്ര്യത്തിന്റെ 77 വർഷങ്ങൾ’ എന്നതായിരുന്നു വിഷയം. നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ. സുരേഷ് ബാബു ക്വിസ് മാസ്റ്ററായി. ഹൈസ്കൂൾ വിഭാഗത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി റമിൽറോമലും അച്ഛൻ ബേബി നാപ്പള്ളിയും ചേർന്ന ടീം ഒന്നാം സ്ഥാനവും പത്താം ക്ലാസ് വിദ്യാർഥി ത്വാഹാ മുഹമ്മദും മാതാവ് റൈഹാനത്തും ചേർന്ന ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹയർസെക്കന്ററി വിഭാഗത്തിൽ പ്ലസ് വൺ വിദ്യാർഥിനി അൻസിയ മരിയയും അമ്മ ഷൈനി മാത്യുവും ചേർന്ന ടീമും നിദഫാത്തിമയും മാതാവ് ഷമീറയും ചേർന്ന ടീമും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ആരോഗ്യ -വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ ജെസി ലെസ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രജിത കെ.വി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് നൂരിഷ ചേനോത്ത്, വികസന കാര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർപെഴ്സൺ കെ. കുഞ്ഞായിഷ, വാർഡ് മെമ്പർ എം.പി നജീബ്, പ്രധാനാധ്യാപകൻ സുമിത്ത് ശ്രീധരൻ, എം.പി.ടി.എ പ്രസിഡൻ്റ് ഷക്കീല, ഭരതൻ എന്നിവർ വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകി.

കണിയാമ്പറ്റയുടെ ജനകീയ ഡോക്ടറായിരുന്ന ഡോ. ഷംസുദ്ദീൻ വി.യുടെ ഓർമ്മയ്ക്കായുള്ള ക്യാഷ്പ്രൈസും ട്രോഫികളുമാണ് വിജയികൾക്ക് സമ്മാനമായി നൽകിയത്. കാണികളായെത്തിയ പൂർവവിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ലൈവ് സമ്മാനങ്ങളും നൽകി.

Leave a Reply

Your email address will not be published. Required fields are marked *