ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക് നാളെ മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും

കല്‍പ്പറ്റ: പിണങ്ങോട് ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക് നാളെ മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. കെട്ടിടം ഉദ്ഘാടനം വൈകുന്നേരം നാലിന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിക്കും. ടി. സിദ്ദിഖ് എംഎല്‍എ മുഖ്യാതിഥിയാകും. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി, വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക, ജില്ലാ പഞ്ചായത്തംഗം എന്‍.സി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം ലക്ഷ്മി കേളു, പൊഴുതന പഞ്ചായത്തംഗം സി. മമ്മി, വെങ്ങപ്പള്ളി പഞ്ചായത്തംഗം കെ.പി. അന്‍വര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

എസ്ബി കമ്മ്യൂണിക്കേഷന്‍സ് വയനാട് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും മറ്റു കലാപരിപാടികളും ഉണ്ടാകും. പിണങ്ങോട് എംഎച്ച് നഗറില്‍ വിലയ്ക്കുവാങ്ങിയ നാല് സെന്റ് ഭൂമിയില്‍ ഏകദേശം 30 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചതെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സി.കെ. അബ്ദുള്‍ അസീസ്, കണ്‍വീനര്‍ അസ്‌ലം പുനത്തില്‍, ദയ പാലിയേറ്റീവ് ചെയര്‍പേഴ്‌സണ്‍ പി.കെ. ഷാഹിന, ദയ ഗ്രന്ഥശാല സെക്രട്ടറി കെ.കെ. നൗഷാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദയ ഗ്രന്ഥശാലയ്ക്കു കീഴില്‍ 22 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നതാണ് പാലിയേറ്റീവ് ക്ലിനിക്. പൊതുജനങ്ങളില്‍ നിന്നടക്കം ധനസമാഹണം നടത്തിയാണ് സ്ഥലം വാങ്ങുന്നതിനും കെട്ടിടം പണിയുന്നതിനും ഫണ്ട് കണ്ടെത്തിയത്.

വെങ്ങപ്പള്ളി, തരിയോട്, പൊഴുതന, കോട്ടത്തറ പഞ്ചായത്തുകളിലെ കിടപ്പുരോഗികളുടെ പരിചരണം, ചികിത്സ തുടങ്ങിയവ ക്ലിനിക് ഏറ്റെടുത്ത് നടത്തുന്നുണ്ട്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ വിതരണം, ഫുഡ് സപ്പോര്‍ട്ട്, ആംബുലന്‍സ് സര്‍വീസ്, കിടപ്പിലായ രോഗികള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണ ഹോം കെയര്‍, മരുന്നു വിതരണം, സൈക്യാട്രി ഒപി എന്നിവ ക്ലനിക് പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. നിലവില്‍ 468 പേര്‍ ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 129 പേര്‍ക്ക് സാന്ത്വന പരിചരണം ലഭ്യമാക്കുന്നുണ്ട്. 2023ല്‍ ആരംഭിച്ചതാണ് സൈക്യാട്രി ഒപി. മാനസിക വെല്ലുവിളി നേരിടുന്നതില്‍ 47 പേര്‍ക്ക് മാസം രണ്ടുതവണ ഡോക്ടറുടെ സേവനവും മരുന്നും ലഭ്യമാക്കുന്നുണ്ടെന്നും ദയ ഭാരവാഹികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *