കല്‍പ്പറ്റ: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 22ന് മകരജ്യോതി കല്യാണ മണ്ഡപത്തില്‍ ചേരുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ഉണ്ണിക്കൃഷ്ണൻ. ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി, വൈസ് പ്രസിഡന്റ് സി.കെ. ഹുസൈന്‍, സെക്രട്ടറി സി. പ്രഭാകരന്‍, ജോയിന്റ് സെക്രട്ടറി ജി. ചന്തുക്കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് വി.എ.എന്‍. നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിക്കും. വയോജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം അവഗണിക്കുകയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വയോജന പെന്‍ഷന്‍ മാസം 5,000 രൂപയാക്കണമെന്ന ആവശ്യത്തിന് കേന്ദ്ര ഭരണാധികാരികള്‍ ചെവികൊടുക്കുന്നില്ല. സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 8,64,456 പേര്‍ക്ക് മാത്രമാണ് വയോജന പെന്‍ഷന്‍ കേന്ദ്ര വിഹിതം ലഭിക്കുന്നത്.
80 വയസില്‍ ചുവടെയുള്ളവര്‍ക്ക് 200 ഉം 80 വയസിനു മുകളിലുള്ളവർക്ക് 500ഉം വിധവകള്‍ക്ക് 300 ഉം രൂപയാണ് മാസം കേന്ദ്ര പെന്‍ഷന്‍ വിഹിതം. ഈ തുക 17 വര്‍ഷം മുമ്പ് നിശ്ചയിച്ചതാണ്. പെന്‍ഷന്‍ പരിഷ്‌കരണത്തിന് കേന്ദ്രം തയാറാകുന്നില്ല. കോവിഡ് കാലത്ത് നിര്‍ത്തിവച്ച റെയില്‍ യാത്ര ആനുകുല്യം പുനഃസ്ഥാപിക്കണമെന്ന വയോജനങ്ങളുടെ ആവശ്യത്തെ കേന്ദ്ര സര്‍ക്കാര്‍ തമസ്‌കരിക്കുകയാണ്. ലോക്‌സഭയിലും രാജ്യസഭയിലും വിഷയം വന്നെങ്കിലും പരിഗണന ലഭിച്ചില്ല. ദേശീയ വയോജന കമ്മീഷന്‍ രൂപീകരിക്കണമെന്ന ആവശ്യത്തിനു അംഗീകാരം ലഭിച്ചില്ല. വീടുകളിലും വയോജനങ്ങള്‍ തഴയപ്പെടുകയാണ്. ജോലിയും കൂലിയും ഉണ്ടായിരുന്നപ്പോള്‍ ഉള്ളതുപോലെയല്ല പല കുടുംബങ്ങളിലും വയോജനങ്ങളോടുള്ള സമീപനമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.