കൽപ്പറ്റ: പുല്‍പാറ മേഖലയിലെ പുലി ഭീതി ഒഴിയുന്നില്ല. ബുധനാഴ്ച രാത്രിയിലും ഇന്നലെയുമായി മേഖലയിലെ പലയിടങ്ങളിലായി പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച രാത്രിയില്‍ 31 പാറ ട്രാന്‍സ്‌ഫോമറിന് സമീപത്താണു പുലിയെ നാട്ടുകാരില്‍ ചിലര്‍ കണ്ടത്. രാത്രി എട്ടരയോടെ റാട്ടക്കൊല്ലി വാഴക്കുണ്ട് ഭാഗത്തെ ജനവാസമേഖലയിലും പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ വൈകിട്ടു ആറരയോടെ പുല്‍പാറ ഫാക്ടറിക്കു പിറകിലും പുലിയെത്തി. മേഖലയിലെ പലഭാഗങ്ങളിലായി പുലിയുടേതിന് സമാനമായ കാല്‍പാടുകള്‍ പതിഞ്ഞിട്ടുണ്ട്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പുല്‍പാറ ഫാക്ടറിക്ക് സമീപം കഴിഞ്ഞ 15ന് വനംവകുപ്പ് 2 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തേയിലത്തോട്ടത്താല്‍ ചുറ്റപ്പെട്ട മേഖലയാണു പുല്‍പാറ. ഒന്നിലധികം പുലികള്‍ മേഖലയിലുണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞ 15ന് രാവിലെ എട്ടരയോടെ കൽപ്പറ്റ ബൈപാസിന് സമീപത്തെ തേയിലത്തോട്ടത്തില്‍ വീട്ടമ്മയും മക്കളും പുലിയെ കണ്ടിരുന്നു. റോഡില്‍ നിന്നു കഷ്ടിച്ച് 200 മീറ്റര്‍ അകലെയാണു പുലിയെ കണ്ടത്. അന്നു രാവിലെ 9നു പുല്‍പാറ ഫാക്ടറിക്ക് സമീപവും പുലിയെ നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. തുടര്‍ന്നാണു വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചത്. എസ്‌റ്റേറ്റിന്റെ ഭൂരിഭാഗവും കാടുമൂടിയ നിലയിലുമാണ്. ഒരാള്‍പൊക്കത്തിലാണു കാട് ഉയര്‍ന്നു നില്‍ക്കുന്നത്. 400ലധികം കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളാണിത്. പുലി ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് അധികൃതര്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും പുലിയെ ഉടന്‍ കൂട് വച്ച് പിടികൂടിയില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാര്‍ അറിയിച്ചു.