അമ്പലവയല്‍: ശക്തമായ കാലവര്‍ഷത്തെയും പ്രകൃതിക്ഷോഭങ്ങളെയും തുടര്‍ന്ന് ആവാസവ്യവസ്ഥ നഷ്ടമായതോടെ പുതിയ ഇടങ്ങള്‍ തേടി പലായനം ചെയ്തു. മണ്ണിരകൾ നിലവിലുണ്ടായിരുന്ന വാസസ്ഥലം വിട്ട് സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് പോകുകയാണ് മണ്ണിരകള്‍. പലയിടങ്ങളിലും വെള്ളം കുത്തിയൊഴുകിയും കനത്ത മഴയിലും മണ്ണിരകളുടെ ആവാസ വ്യവസ്ഥ തകര്‍ന്ന അവസ്ഥയിലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ മഴയും പ്രകൃതിക്ഷോഭങ്ങളുമുണ്ടാകുന്നതിനാല്‍ വയനാട്ടില്‍ ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നുണ്ടെന്നും മുന്‍ ജില്ലാ മണ്ണുസംരക്ഷണ ഓഫിസര്‍ പി.യു. ദാസ് പറയുന്നു.
മണ്ണില്‍ അധികം ആഴത്തിലല്ലാതെ ചെറിയ സുഷിരങ്ങളിലാണ് മണ്ണിരകളുടെ ആവാസം. സുഷിരങ്ങളില്‍ അവ സൃഷ്ടിച്ചെടുത്ത സുരക്ഷിതമായ ഇടങ്ങള്‍ക്ക് നാശം സംഭവിച്ചു. ശക്തമായ മഴയില്‍ ഈ സുഷിരങ്ങളിലേക്ക് വെള്ളം അമിതമായി എത്തുകയും മണ്ണിന് താങ്ങാനാവുന്ന വെള്ളത്തിന്റെ പരിധി കടക്കുകയും ചെയ്തു. ഇതോടെ മണ്ണിരകളുടെ ആവാസസ്ഥലത്തേക്ക് മുകളില്‍ നിന്നും അടിയില്‍ നിന്നും വെള്ളം കയറി അവിടെ നിലനില്‍ക്കാന്‍ കഴിയാതെയായി. ഇതോടെയാണ് മണ്ണിരകളും പലായനം ആരംഭിച്ചത്. മണ്ണിരകള്‍ പലായനം ചെയ്യുന്നത് കൃഷിമേഖലയുടെയും നഷ്ടമാണ്. വേനലില്‍ മണ്ണിന് ചൂടു കൂടിയാലും മണ്ണിരകള്‍ ആവാസം വിട്ടൊഴിഞ്ഞ് പോകാറുണ്ട്.