ഓര്‍മകൾ ഉറങ്ങുന്ന പുത്തുമലയിൽ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രിയങ്കയും രാഹുലും

മേപ്പാടി: ഉരുള്‍ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ ഓര്‍മകൾ ഉറങ്ങുന്ന പുത്തുമലയിലെ ഭൂമിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രിയങ്കാഗാന്ധിയും രാഹുല്‍ഗാന്ധിയും. വയനാട് കലക്‌ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷമായിരുന്നു ഇരുവരും ഉച്ചയ്ക്കു ശേഷം പുത്തുമലയില്‍ ഉരുള്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെയും തിരിച്ചറിയാത്തവരെയും കൂട്ടമായി സംസ്‌കരിച്ച സ്ഥലത്തെത്തിയത്. കുഴിമാടങ്ങളില്‍ പുഷ്പ ചക്രങ്ങളും പുഷ്പങ്ങളുമര്‍പ്പിച്ച് ആദരാഞ്‌ലികള്‍ അര്‍പ്പിച്ചു.

ദുരന്തത്തില്‍ മരിച്ചവരുടെയും, ലഭിച്ച മൃതദേഹങ്ങളുടെയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രിയങ്ക ഗാന്ധി അഡ്വ. ടി സിദ്ധിഖ് എം എല്‍ എയോട് ചോദിച്ചറിഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെയും ലഭിച്ച മൃതദേഹങ്ങളുടെയും, ഡി എന്‍ എ ടെസ്റ്റുകള്‍ അടക്കമുള്ള വിവരങ്ങള്‍ സിദ്ധിഖ് പ്രിയങ്കാഗാന്ധിയോട് വിശദീകരിച്ചു. ഉരുള്‍ദുരന്തമുണ്ടായ സമയത്ത് രാഹുല്‍ഗാന്ധിക്കൊപ്പം പ്രിയങ്കയും ദുരന്തമേഖലകളില്‍ സന്ദര്‍ശം നടത്തിയിരുന്നു. പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, മകന്‍ റെയ്ഹാന്‍ വദ്ര, പി പി ആലി, ടി ഹംസ, ബി സുരേഷ്ബാബു, രാധാ രാമസ്വാമി, അഷ്‌റഫ് തുടങ്ങിയവരും ഇരുവരോടുമൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *