മേപ്പാടി: ജില്ലാ ഭരണകൂടത്തിന്റെയും ലീഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി നടത്തിയ ബാങ്ക് ലോണ്‍ റീ-സ്ട്രക്ച്ചറിങ് ക്യാമ്പില്‍ 1170 അപേക്ഷകള്‍ ലഭിച്ചു. ക്യാമ്പില്‍ 1100 ഓളം പേര്‍ പങ്കെടുത്തു. ലോണുകള്‍ എഴുതി തള്ളുന്നതിന് റീ-സ്ട്രക്ച്ചറിങ് തടസമാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ക്യാമ്പില്‍ അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ സെല്ലില്‍ ഒക്ടോബര്‍ 30 നകം അപേക്ഷ നല്‍കണം. പ്രാഥമിക ലോണ്‍ വിവര ശേഖരണത്തില്‍ ഉള്‍പ്പെട്ട 535 അപേക്ഷകള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ബാങ്കുകള്‍ കെമാറി.
635 അപേക്ഷകളില്‍ വൈത്തിരി തഹസില്‍ദാര്‍, ലീഡ് ബാങ്ക് മാനേജര്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങിയ മൂന്നംഗ സമിതി പരിശോധിച്ച് അതത് ബാങ്കുകള്‍ക്ക് കൈമാറും. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ലോണ്‍ ഡാറ്റാ മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ അഖില സി ഉദയന്‍, ലീഡ് ബാങ്ക് മാനേജര്‍ മുരളീധരന്‍, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ അബ്ദൂള്‍ റഷീദ്, മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. ഷാജു, ഐ.ടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പി.ജെ സെബാസ്റ്റിയന്‍, എം.വി അഷ്‌കര്‍, ബാങ്ക് പ്രതിനിധികള്‍, സാമ്പത്തിക സ്ഥിതി വിവര കണക്ക് വിഭാഗം ഉദ്യോഗസ്ഥര്‍, കുടുംബശ്രീ മെന്റേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.