ദുരന്ത ബാധിതരുടെ പുനരധിവാസം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദുരന്തബാധിതർ ധർണ നടത്തി

കൽപ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, അട്ടമല, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന് വിധേയരായവരുടേയും പുനരധിവാസം നിഷേധിക്കപ്പെട്ട പുത്തുമല ദുരന്ത ബാധിതരുടേയും പുനരധിവാസം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദുരന്തബാധിതർ കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, ദുരന്തബാധിതരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളുക, ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുക, മൃതശരീരം പോലും വീണ്ടെടുക്കാനാവാതെ മൺമറഞ്ഞുപോയവരുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തി നഷ്ടപരിഹാരം കാലതാമസമില്ലാതെ കൈമാറുക, പരുക്കേറ്റവരുടെ തുടർ ചികിത്സ, നഷ്ടപരിഹാരം എന്നിവ സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

സമരം (സി പി ഐ എം എൽ) റെഡ് സ്റ്റാർ കേന്ദ്ര കമ്മിറ്റി അംഗം എം.കെ.ദാസൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. എൻ ബാദുഷ, വർഗീസ് വട്ടേക്കാട്ടിൽ, സുലോചന രാമകൃഷ്ണൻ, ഡോ. പി.ജി. ഹരി, ടി.സി. സുബ്രഹ്മണ്യൻ, വി.എ. ബാലകൃഷ്ണൻ, കെ.ബാബുരാജ്, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *