കല്‍പ്പറ്റ: യുഡിഎഫിന് അഞ്ച് ലക്ഷത്തിലധികം വോട്ട് ഭൂരിപക്ഷം വേണം. എല്‍ഡിഎഫിന് അട്ടിമറിയിലൂടെ മണ്ഡലം പിടിച്ചെടുക്കണം. എന്‍ഡിഎയ്ക്ക് പടിപടിയായുള്ള വളര്‍ച്ചയ്ക്ക് അടിവരയിടണം. ഇങ്ങനെ വലിയ സ്വപ്‌നങ്ങളുമായാണ് മൂന്നു മുന്നണികളും വയനാട് പാര്‍ലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. രൂപീകൃതമായതുമുതല്‍ മണ്ഡലം കൈയടക്കിവച്ചിരിക്കയാണ് യുഡിഎഫ്. 2009ലും 2014ലും തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് കോണ്‍ഗ്രസിലെ എം.ഐ. ഷാനവാസ് ലോക്‌സഭയിലെത്തി. 2009ല്‍ 1,53,439 വോട്ടായിരുന്നു യുഡിഎഫിനു ഭൂരിപക്ഷം. 2014ല്‍ ഇത് 20,870 വോട്ടായി കുറഞ്ഞു. 2019ലും 2024ലും കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ഗാന്ധിയാണ് യുഡിഎഫ് ടിക്കറ്റില്‍ മണ്ഡലത്തില്‍ ജനവിധി തേടിയത്. 2019ല്‍ 4,31,770 വോട്ടായിരുന്നു രാഹുലിനു ഭൂരിപക്ഷം. 2024ല്‍ അത് 3,64,422 വോട്ടായി കുറഞ്ഞു. ഒടുവിലുത്തെ തെരഞ്ഞടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ച രാഹുല്‍ റായ്ബറേലി നിലനിര്‍ത്താന്‍ തീരുമാനിച്ചു. അതോടെയാണ് വയനാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് വഴിതെളിഞ്ഞത്.
മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ എണ്ണം ഡസനില്‍ അധികം വരും. എങ്കിലും യുഡിഎഫിലെ പ്രിയങ്ക ഗാന്ധി, എല്‍ഡിഎഫിലെ സത്യന്‍ മൊകേരി, എന്‍ഡിഎയിലെ നവ്യ ഹരിദാസ് എന്നിവരുടേതാണ് വോട്ടര്‍മാരുടെ മനസില്‍ പതിഞ്ഞ സ്ഥാനാര്‍ഥി ചിത്രങ്ങള്‍. ഐഐസിസി ജനറല്‍ സെക്രട്ടറിയാണ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധി. സത്യന്‍ മൊകേരി സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ എംഎല്‍എയുമാണ്. മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറും സോഫ്റ്റ്‌വേര്‍ എന്‍ജിനിയറുമാണ് നവ്യ. വയനാട് മണ്ഡലത്തിനു പുറമേനിന്നുള്ളവരാണ് മൂന്നു പേരും. സത്യന്‍ മൊകേരിക്ക് മണ്ഡലത്തില്‍ രണ്ടാം മത്സരമാണ്. സത്യനാണ് 2019ല്‍ കോണ്‍ഗ്രസിലെ എം.ഐ. ഷാനവാസിനെ ഇടതുമുന്നണിക്കുവേണ്ടി നേരിട്ടത്.
പ്രചാരണത്തില്‍ യുഡിഎഫ് മുന്നില്‍
വോട്ടെടുപ്പ് നവംബര്‍ 13ന് നടക്കാനിരിക്കേ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. സമ്മതിദായകര്‍ക്കിടയില്‍ ഇരിപ്പുറപ്പിക്കാന്‍ തുറുപ്പുശീട്ടുകള്‍ ഒന്നൊന്നായി ഇറക്കുകയാണ് മുന്നണികള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മറ്റു മുന്നണികളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് യുഡിഎഫ്. എഐസിസി മാസങ്ങള്‍ മുമ്പ് പ്രഖ്യാപിച്ചതാണ് പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം. ഇതിനു തൊട്ടുപിന്നാലെ യുഡിഎഫ് ആരംഭിച്ചതാണ് തെരഞ്ഞെടുപ്പ് ഒരുക്കം. തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്തതിനുശേഷം മണ്ഡലം, നിയോജമണ്ഡലം, പഞ്ചായത്തുതല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ യുഡിഎഫ് ബൂത്ത്തലത്തില്‍ ഗൃഹസന്ദര്‍ശത്തിലേക്ക് കടന്നിരിക്കയാണ്. എതിരാളികളെ ചെറുതായാണ് കാണുന്നതെങ്കിലും ജനങ്ങളിലേക്ക് ഇറങ്ങി പഴുതടച്ച പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്.
പ്രിയങ്കയ്ക്കു ചരിത്ര ഭൂരിപക്ഷം എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു അമരം പിടിക്കാന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, മാനന്തവാടിയില്‍ സണ്ണി ജോസഫ് എംഎല്‍എ, കല്‍പ്പറ്റയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഏറനാടില്‍ സി.ആര്‍. മഹേഷ് എംഎല്‍എ, വണ്ടൂരില്‍ ഹൈബി ഈഡന്‍ എംപി, നിലമ്പൂരില്‍ ആന്റോ ആന്റണി എംപി, തിരുവമ്പാടിയില്‍ എം.കെ. രാഘവന്‍ എംപി എന്നിവരെ യുഡിഎഫ് നേതൃത്വം ചുമലതപ്പെടുത്തിയിട്ടുണ്ട്. നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിനുശേഷം ഡല്‍ഹിക്കു മടങ്ങിയ പ്രിയങ്ക 28,29 തീയതികളില്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയിരുന്നു. നവംബര്‍ മൂന്നു മുതല്‍ ഏഴു വരെ അവര്‍ മണ്ഡലത്തില്‍ ഉണ്ടാകുമെന്ന് മുഖ്യ ഇലക്ഷന്‍ ഏജന്റും കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ കെ.എല്‍. പൗലോസ് പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ മണ്ഡലം, നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍ നടത്തിയ എല്‍ഡിഎഫ് ഇന്നലെ മണ്ഡത്തില്‍ ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി.
പ്രവര്‍ത്തക പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു മണ്ഡലം, നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍. കവലകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു നടത്തിയ പ്രഥമഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം സ്ഥാനാര്‍ഥിക്കും മുന്നണിക്കും പ്രതീക്ഷ നല്‍കുന്നതായി. പലേടങ്ങളിലും വലിയ ആള്‍ക്കൂട്ടമാണ് സ്ഥാനാര്‍ഥിയെ കാണാനും കേള്‍ക്കാനുമെത്തിയത്. വരും ദിവസങ്ങളില്‍ എല്‍ഡിഎഫ് ഉന്നത നേതാക്കാള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കാനെത്തും. നവംബര്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കല്‍പ്പറ്റ, തിരുവമ്പാടി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പുയോഗങ്ങളില്‍ പ്രസംഗിക്കുമെന്ന് എല്‍ഡിഎഫ് വയനാട് ജില്ലാ കണ്‍വീര്‍ സി.കെ. ശശീന്ദ്രന്‍, സിപിഐ വയനാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ്. സ്റ്റാന്‍ലി എന്നിവര്‍ പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് രണ്ടാംഘട്ട പ്രചാരണം തുടങ്ങി. ബൂത്തുതലത്തില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ വീടുകള്‍ കയറി പ്രചാരണം തുടരുകയാണ്. സ്ഥാനാര്‍ഥിയുടെ വിദ്യാഭ്യാസ പശ്ചാത്തലവും പ്രസരിപ്പും എന്‍ഡിഎയുടെ ഭാഗമല്ലാത്ത വോട്ടര്‍മാര്‍ക്കിടയിലും ചര്‍ച്ചയാണ്. മണ്ഡലത്തില്‍ എന്‍ഡിഎയുടെ കരുത്തും വളര്‍ച്ചയും പ്രകടമാക്കുന്നതാകണം തെരഞ്ഞെടുപ്പുഫലമെന്ന വാശിയിലാണ് നേതാക്കളും പ്രവര്‍ത്തകരും. ബിജെപി ദേശീയ നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന്‍ മണ്ഡലത്തിലെ ഏഴ് നിയോജമണ്ഡലങ്ങളിലുമായി 1,41,045 വോട്ടാണ് നേടിയത്.
ഇതിലധികം വോട്ടാണ് എന്‍ഡിഎയുടെ ഉന്നമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം കെ. സദാനന്ദന്‍ പറഞ്ഞു. 2019ല്‍ മണ്ഡലത്തില്‍ 7.2 ശതമാനമായിരുന്നു എന്‍ഡിഎ വോട്ട് വിഹിതം. കഴിഞ്ഞ തവണ ഇത് 13 ശതമാനമായാണ് വര്‍ധിച്ചത്. പുഞ്ചിരിമട്ടം ഉരുള്‍ദുരന്തം നടന്ന മൂന്നു മാസമായിട്ടും കേന്ദ്രം പാക്കേജ് പ്രഖ്യാപിക്കാത്തത് വോട്ട് ചോര്‍ച്ചയ്ക്ക് ഇടവരുത്താതിരിക്കുന്നതിന് എന്‍ഡിഎ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ദുരന്തബാധിതര്‍ക്കായുള്ള വിനിയോഗത്തിന് ആവശ്യമായ തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വീടുകള്‍ കയറിയുള്ള പ്രചാരണം. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ചൂണ്ടിക്കാട്ടുന്ന അവര്‍ ഇടത്, വലത് മുന്നണികളുടെ വീഴ്ചകള്‍ എണ്ണിപ്പറയുന്നുമുണ്ട്.
വികസന വിഷയങ്ങള്‍ മുന്നണികള്‍ക്കു പ്രചാരണായുധം
വയനാട് കാലങ്ങളായി നേരിടുന്ന വികസന വിഷയങ്ങള്‍ ഉപതെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും ചര്‍ച്ചയാക്കുന്നുണ്ട്. ദേശീയപാത 766ലെ ബന്ദിപ്പുര വനഭാഗത്ത് പതിറ്റാണ്ടിലധികമായി തുടരുന്ന രാത്രിയാത്രാവിലക്ക്, മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത, വനാതിര്‍ത്തി പ്രദേശങ്ങളിലെ അതിരൂക്ഷമായ മനുഷ്യ-വന്യജീവി സംഘര്‍ഷം, ചുരം ബദല്‍ റോഡിനായുള്ള കാത്തിരിപ്പ്, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, പരിസ്ഥിതി ദുര്‍ബല മേഖല (ഇഎസ്എ), പരിസ്ഥിതി സംവേദക മേഖല (ഇഎസ്‌സെഡ്), വയനാട് റെയില്‍വേ, ആദിവാസികള്‍ക്കിടയിലെ ഭൂ രാഹിത്യം ഇങ്ങനെ നീളുന്നതാണ് തെരഞ്ഞെടുപ്പുവിഷയങ്ങൾ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന് എത്തിയ പ്രിയങ്ക ഗാന്ധി കല്‍പ്പറ്റയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍ ഈ വിഷയങ്ങളില്‍ പരാമര്‍ശം നടത്തുകയും അവസരം ലഭിച്ചാല്‍ പരിഹാരത്തിന് ശ്രമിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
ദേശീയപാതയിലെ രാത്രിയാത്രാവിലക്ക്, വന്യമൃഗശല്യം, കാര്‍ഷിക പ്രതിസന്ധി എന്നീ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയുമാണ് എല്‍ഡിഎഫ് പഴിപറയുന്നത്. കര്‍ണാടകയിലേത് കോണ്‍ഗ്രസ് സര്‍ക്കാരായിട്ടും രാത്രിയാത്രാവിലക്ക് നീങ്ങുന്നതിനു ഉതകുന്ന നിലപാട് സ്വീകരിപ്പിക്കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞില്ലെന്നു ഇടതുനേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ജനസൗഹൃദമായി വനം-വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുന്നതിലെ വിമുഖത ചൂണ്ടിക്കാട്ടിയാണ് ബിജെപിക്ക് എതിരായ വിമര്‍ശനം. കാര്‍ഷിക പ്രതിസന്ധിയുടെ ഉത്തരവാദിത്തം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ ചാരിയാണ് കോണ്‍ഗ്രസ് പ്രചാരണം. ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ശോച്യാവസ്ഥ ഇടതു, വലതു മുന്നണികളെ കടന്നാക്രമിക്കാന്‍ എന്‍ഡിഎ ആയുധമാക്കുന്നുണ്ട്.