കൽപ്പറ്റ: ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഉൾപ്പെടുത്തി കേരള വനം വകുപ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയിരിക്കുന്ന മാപ്പുകൾ പിൻവലിച്ച് വനമേഖലകളെ മാത്രം ഉൾപ്പെടുത്തി പുതിയ കെ എം എൽ മാപ്പ് കേന്ദ്രസർക്കാറിന് നൽകാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാനന്തവാടി രൂപത വയനാട് കലക്ടറേറ്റ് മുമ്പിൽ പ്രതിഷേധ സമരം നടത്തി. വയനാട് ജില്ലയിലെ 13 ഗ്രാമങ്ങളും ഏതാനും ആദിവാസി ജനവാസ മേഖലകളും വനമേഖലയായി രേഖപ്പെടുത്തിയും 14 ഓളം ഗ്രാമങ്ങൾ ബഫർ സോണിൽ ഉൾപ്പെടുത്തിയും ആണ്കെ എം എൽ മാപ്പ് തയ്യാറാക്കിയിരിക്കുന്നത്.
തികഞ്ഞ ജനദ്രോഹപരമായ ഈ നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണം. വയനാട് ജില്ലയിലെ 13 വില്ലേജുകൾ പൂർണമായും ഇഎസ് എ യുടെ പരിധിയിലാണ്. ഈ വില്ലേജുകൾ ഫോറസ്റ്റ് വില്ലേജ് റവന്യൂ വില്ലേജ് എന്നിങ്ങനെ വിഭജിച്ച് ഫോറസ്റ്റ് വില്ലേജുകൾ മാത്രം ഉൾപ്പെടുത്തി ഇ എസ് എ മാപ്പ് തയ്യാറാക്കണം. വയനാട്ടിലെ ജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്നങ്ങളിൽ മൂന്നു മുന്നണികളും കുറ്റകരമായ മൗനവും നിസ്സംഗതയും പാലിക്കുകയാണെന്നും ഉപതിരഞ്ഞെടുപ്പുകളിൽ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതെ കേവല രാഷ്ട്രീയ പയറ്റ് മാത്രം ചെയ്യുകയാണെന്നും കത്തോലിക്ക കോൺഗ്രസ് കുറ്റപ്പെടുത്തി. സമരം കൽപ്പറ്റ ഫെറോന വികാരി ഫാ. ജോഷി പെരിയപ്പുറം ഉദ്ഘാടനം ചെയ്തു .
രൂപത പ്രസിഡൻ്റ് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ ആമുഖ പ്രഭാഷണം നടത്തി. കിഫ പി ആർ ഓ പോൾ മാത്യു മുഖ്യപ്രഭാഷണം നടത്തി. ഫാ. സെബാസ്റ്റ്യൻ ഏലം കുന്നേൽ, റെനിൽ കഴുതാടിയിൽ, സജി ഫിലിപ്പ്, സാജു പുലിക്കോട്ടിൽ, തോമസ് പട്ടമന, ബീന കരിമാം കുന്നേൽ, ഫാ. ജെയിംസ് പുത്തൻപറമ്പിൽ, ഫാ.ബാബു മാപ്പിളശ്ശേരി, ഫാ.ടോമി പുത്തൻപുരക്കൽ, ഫാ.ജോസ് കപ്യാരുമലയിൽ, തോമസ് പഴുക്കാല, സുനിൽ പാലമറ്റം, ജോൺസൺ കുറ്റിക്കാട്ടിൽ, ഫാദർ വിനോദ് പാക്കാനക്കുഴി, എന്നിവർ പ്രസംഗിച്ചു.