മാനന്തവാടി: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തുന്ന ഫോക്ക് ക്യാമ്പയിന്‍ ‘ഒന്നായി പൂജ്യത്തിലേക്ക് ‘ വയനാട് ജില്ലയില്‍ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായി മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വി.എച്ച്.എസ്.ഇ. വിഭാഗം എന്‍. എസ്. എസ്. യൂണിറ്റിന്റെ സഹകരണത്തോടെ എച്ച്.ഐ.വി ബോധവല്‍ക്കരണ തെരുവ് നാടകം വിദ്യാലയത്തില്‍ സംഘടിപ്പിച്ചു. വളരെ വ്യത്യസ്തമായ ഈ എച്ച്.ഐ.വി. പ്രതിരോധ പ്രചരണം വിദ്യാര്‍ത്ഥികളെ സജീവമായി പിടിച്ചിരുത്തുന്നതില്‍ വിജയിച്ചു. പുലികളിയില്‍ തുടങ്ങിയ നാടകം രാജാവ്, രാജഗുരു , സേവകര്‍ എന്നിവരിലൂടെ എച്ച്.ഐ.വി. പ്രതിരോധ മാര്‍ഗങ്ങള്‍, പരിശോധന സൗകര്യങ്ങള്‍, എയ്ഡ്‌സ് രോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ പദ്ധതികള്‍ എന്നിവയെക്കുറിച്ച് സമഗ്രമായ അറിവ് പകര്‍ന്നു നല്‍കി.
2025 ഓടെ എച്ച്.ഐ.വി. പുതുതായി ബാധിക്കുന്നവരുടെ എണ്ണം കേരള സംസ്ഥാനത്തില്‍ പൂജ്യത്തിലെത്തിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഈ പ്രചരണപ്രവര്‍ത്തനം ഉന്നം വയ്ക്കുന്നത്. നൃത്താഞ്ജലി പയ്യോളിയിലെ കലാകാരന്‍മാരായ പ്രശോഭ് മേലടി (രാജാവ്), മഠത്തില്‍ രാജീവ് തിക്കോടി (രാജ ഗുരു), ചന്ദ്രന്‍ പള്ളിക്കര, ശ്രീജിത്ത് ഇരിങ്ങല്‍ (ഭടന്‍മാര്‍), സന്തോഷ് അയിനിക്കാട് (സംഗീതം) എന്നിവരാണ് നാടകം അരങ്ങിലെത്തിച്ചത്. പി.പി യൂണിറ്റ് മാനന്തവാടി ജെ എച്ച്.ഐ. സജോയ് എം. ജെ., ആശാ വര്‍ക്കര്‍മാരായ നജ്മത്ത് എ.കെ., പ്രസീത കെ.എസ്., സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി കെ.കെ., എന്‍.എസ്.എസ്. പി.ഒ. അര്‍ച്ചന എം.കെ. എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.