പാവപ്പെട്ടവർക്കൊപ്പമാണ് എൽ ഡി എഫ്: മുഖ്യമന്ത്രി

കൽപ്പറ്റ: മുനമ്പത്ത് ദീർഘകാലമായി താമസിക്കുന്നവരുടെ താൽപര്യം ഹനിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൽപ്പറ്റയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതത് പ്രദേശത്തെ ജനങ്ങൾക്കും പാവപ്പെട്ടവർക്കുമൊപ്പമാണ് എൽഡിഎഫ് സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നും ഇല്ലാതെ വന്നപ്പോഴാണ് മുനമ്പത്തെ പ്രശ്‌നം വലിയ രീതിയിൽ പ്രചരിപ്പിക്കാൻ ആരംഭിച്ചത്. വോട്ടെടുപ്പിനു ശേഷം യോഗം ചേർന്ന് പ്രശ്‌നത്തിന് തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അർധരാത്രി പാലക്കാട്ട് പൊലീസ് നടത്തിയ റെയ്‌ഡിനെക്കുറിച്ചോ കുഴൽപ്പണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചോ മുഖ്യമന്ത്രി പ്രതികരിച്ചില്ല. കേന്ദ്രസർക്കാരിരെയും രാഹുൽ ഗാന്ധിയേയും വിമർശിച്ച അദ്ദേഹം എതിർ സ്ഥാനാർഥികളെക്കുറിച്ചും പരാമർശം നടത്തിയില്ല. അതേ സമയം, അടിച്ചേൽപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പാണ് വയനാട്ടിലേതെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും ലോകത്തിന് മാതൃകയാകുന്ന തരത്തിൽ കേരളത്തിലെ ജനം ഒരുമിച്ച് നിന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിൽ ആധുനിക സമൂഹത്തിന് ജീവിക്കാനാവശ്യമായ എല്ലാമുണ്ടാകും. കേരളത്തിലെ സർക്കാർ ബദൽ നയം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രം ഒരു ന്യായീകരണവുമില്ലാത്ത രീതിയിൽ കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണ്. കേന്ദ്രത്തെ കുറ്റപ്പെടുത്താൻ ഒരു ഘട്ടത്തിലും കോൺഗ്രസ് തയാറായില്ലന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യോഗത്തിനു മുൻപ് കൽപ്പറ്റ ടൗണിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലിയും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *