കളം തൂത്തുവാരണമെന്ന ലക്ഷ്യവുമായി യുഡിഎഫ്; പ്രിയങ്കയുടെ വിജയത്തിളക്കം കുറയ്ക്കാന്‍ എല്‍ഡിഎഫും എന്‍ഡിഎയും

കല്‍പ്പറ്റ: വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന വട്ടത്തിലേക്ക് കടക്കവേ കളം തൂത്തുവാരണമെന്ന ലക്ഷ്യവുമായി യുഡിഎഫ്. ലോക്‌സഭയില്‍ സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയാകാന്‍ ജനവിധി തേടുന്ന പ്രിയങ്കയുടെ വിജയത്തിളക്കം കുറയ്ക്കാന്‍ കച്ചമുറുക്കി എല്‍ഡിഎഫും എന്‍ഡിഎയും. പരമാവധി വോട്ട് പെട്ടിയിലാക്കണമെന്ന വ്യഗ്രതയിലാണ് മൂന്ന് മുന്നണികളും. മണ്ഡലത്തില്‍ എല്‍ഡിഎഫിനുവേണ്ടി പ്രിയങ്കയെ നേരിടുന്നത് സിപിഐയിലെ സത്യന്‍ മൊകേരിയാണ്. കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറും മഹിളാമോര്‍ച്ച സംസ്ഥാന നേതാവുമായ നവ്യ ഹരിദാസാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

വയനാട്ടിലെ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജകമണ്ഡലങ്ങള്‍ ചേരുന്നതാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. ഏഴ് നിയോജക മണ്ഡലങ്ങളിലും പോര്‍ച്ചൂടിന് കുറവില്ല. രാഹുല്‍ ഗാന്ധി 2019ല്‍ നേടിയ ഭൂരിപക്ഷം മറികടക്കണമെന്ന ചിന്തയിലാണ് യുഡിഎഫ്. 2019ല്‍ 4,31,770 വോട്ടായിരുന്നു രാഹുലിനു ഭൂരിപക്ഷം. 2024ല്‍ അത് 3,64,422 വോട്ടായി കുറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ 14,71,742 പേര്‍ക്കാണ് വോട്ടവകാശം. ഇതില്‍ ഏകദേശം 11 ലക്ഷം പേര്‍ പോളിംഗ് ബൂത്തില്‍ എത്തുന്നപക്ഷം പ്രിയങ്കയുടെ ഭൂരിപക്ഷം ആറു ലക്ഷം വോട്ടിന് അടുത്തായിരിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ കരുതുന്നു. വമ്പന്‍ ഭൂരിപക്ഷം എന്ന ഉന്നവുമായി വാര്‍ഡ്, ബൂത്ത് തലങ്ങളില്‍ കൊണ്ടുപിടിച്ച പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്. യുഡിഎഫ് നിരയില്‍ ഒരു വോട്ടുപോലും പോള്‍ ചെയ്യാതിരിക്കുന്നത് ഒഴിവാക്കാന്‍ പ്രവര്‍ത്തകര്‍ ജാഗ്രതയിലാണെന്ന് പ്രിയങ്ക ഗാന്ധിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് കെ.എല്‍. പൗലോസ് പറഞ്ഞു.

പ്രദേശിക വിവസന വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് കോര്‍ണര്‍ യോഗങ്ങളില്‍ പ്രിയങ്ക ഗാന്ധി പ്രസംഗിച്ചത്. ഇതും പരമാവധി വോട്ട് എന്ന തന്ത്രം മുന്‍നിര്‍ത്തിയാണെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു. യുഡിഎഫ് സ്വപ്‌നത്തിന്റെ ചിറകരിയാന്‍ ഇടതുപക്ഷം അഞ്ച് ലക്ഷത്തിലധികം വോട്ട് ഭൂരിപക്ഷം എന്ന യുഡിഎഫ് സ്വപ്‌നത്തിന്റെ ചിറകരിയുന്നതിനുള്ള കോപ്പുകളാണ് ഇടതുപക്ഷം കൂട്ടുന്നത്. 2019ല്‍ രാഹുല്‍ഗാന്ധി എംപിയായപ്പോള്‍ വയനാട്ടിലുണ്ടായിരുന്ന വികസനപ്രശ്‌നങ്ങള്‍ അതേപടി തുടരുകയാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നിട്ടും ദേശീയപാതയിലെ രാത്രിയാത്ര നിരോധനം, ബൈരക്കുപ്പ പാലം ഉള്‍പ്പെടെ വിഷയങ്ങളില്‍ സംസ്ഥാനത്തിന് സഹായകമായ നിലപാട് ഉണ്ടായില്ല. ഇതെല്ലാം യുഡിഎഫ് പാടിനടക്കുന്ന വികസന വിയങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു.

വോട്ടെണ്ണല്‍ കഴിയുമ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ തെളിച്ചം ഉണ്ടാകില്ലെന്നാണ് സിപിഐ വയനാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.എം. ജോയി ഉള്‍പ്പെടെ നേതാക്കളുടെ അഭിപ്രായം. ഇടതുമുന്നണി സിപിഐയ്ക്കു നല്‍കിയ വയനാട് മണ്ഡലത്തില്‍ സത്യന്‍ മൊകേരി രണ്ടാം തവണയാണ് മത്സരിക്കുന്നത്. 2019ല്‍ കോണ്‍ഗ്രസിലെ എം.ഐ. ഷാനവാസുമായി ഏറ്റുമുട്ടിയ അദ്ദേഹം കേവലം 20,870 വോട്ടിനാണ് തോല്‍വി സമ്മതിച്ചത്. 2009ല്‍ 1,53,439 വോട്ടായിരുന്നു ഷാനവാസിനു ഭൂരിപക്ഷം. ഇക്കുറി യുഡിഎഫ് വോട്ടര്‍മാരില്‍ ഒരു വിഭാഗം മാറിച്ചിന്തിക്കാനിടയുണ്ടെന്ന അനുമാനത്തിലാണ് എല്‍ഡിഎഫ്. 2024 പൊതുതെരഞ്ഞെടുപ്പില്‍ സിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം ആനി രാജയാണ് ഇടതുമുന്നണിക്കുവേണ്ടി രാഹുല്‍ ഗാന്ധിയെ നേരിട്ടത്. പ്രതീക്ഷിച്ച സ്വീകാര്യത അവര്‍ക്ക് വോട്ടര്‍മാര്‍ക്കിടിയില്‍ ലഭിച്ചില്ല. 2,83,023 വോട്ടാണ്(26 ശതമാനം)ആനി രാജയ്ക്കു നേടാനായത്. 10,74,623 വോട്ടാണ് പോള്‍ ചെയ്തത്.

2019ല്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട സിപിഐയിലെ പി.പി. സുനീര്‍ 2,73,971 വോട്ട് നേടിയിരുന്നു. പോള്‍ ചെയ്തതിന്റെ 25.2 ശതമാനമാണിത്. നില മെച്ചപ്പെടുത്താന്‍ എന്‍ഡിഎ നില മെച്ചപ്പെടുത്തുന്നതിനാണ് മണ്ഡലത്തില്‍ എന്‍ഡിഎയുടെ പ്രവര്‍ത്തനം. 2024 പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളില്‍ ഒന്നാണ് വയനാട്. 2019ല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബിഡിജെഎസിലെ തുഷാര്‍ വെള്ളപ്പള്ളിക്ക് 78,590 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞതവണ കെ. സുരേന്ദ്രന്‍ 1,41,045 വോട്ട് നേടി. ഉപ തെരഞ്ഞെടുപ്പില്‍ വോട്ട് ഇതിലും കുറയാതിരിക്കുന്നതിലാണ് എന്‍ഡിഎ നേതൃത്വത്തിന്റെ കണ്ണ്. ഗോത്ര മേഖലകളിലിലടക്കം പഴുതടച്ച പ്രചാരണമാണ് എന്‍ഡിഎ നടത്തുന്നത്.16 പേരാണ് വനയനാട് മണ്ഡലം സ്ഥാനാര്‍ഥിപ്പട്ടികയില്‍. ഇതില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ 11 പേര്‍ ഇതര സംസ്ഥാനക്കാരാണ്.

Leave a Reply

Your email address will not be published. Required fields are marked *