വാകേരി: പൊളിഞ്ഞു വീഴാറായ വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുന്ന വയോധികയ്ക്ക് പേടി കൂടാതെ തലചായ്ക്കാന്‍ ഒരിടം വേണം. പുതാടി പഞ്ചായത്ത് 13ാം വാര്‍ഡിലെ ചോയികൊല്ലി പുത്തന്‍പുരയ്ക്കല്‍ ലളിതയാണ് അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്. 18 സെന്റ് സ്ഥലം സ്വന്തമായി ഉണ്ടെങ്കിലും സ്ഥലത്തിന്റെ ഒരു വശത്ത് നരസിപ്പുഴയും മറ്റൊരു വശത്ത് മടൂര്‍തോടും ഉള്ളതിനാല്‍ ചെറിയൊരു മഴ മതി മുന്‍പ് സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മിച്ച വീട് വെള്ളത്തിനടിയിലാകാന്‍. പല തവണ വെള്ളം കയറി ഒഴുകി ശുചിമുറിയും വീടിന്റെ ഒരു ഭാഗവും പൂര്‍ണമായി ഇടിഞ്ഞ് തകര്‍ന്നു. വീട് തകര്‍ന്നതോടെ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയപ്പോള്‍ വാസയോഗ്യമല്ലാത്ത സ്ഥലത്ത് വീട് അനുവദിക്കാന്‍ പറ്റില്ലെന്ന മറുപടിയാണ് ലഭിച്ചത്.
അടുക്കളയും മറ്റും നശിച്ചതിനാല്‍ കിടപ്പുമുറിയിലാണു ഭക്ഷണം പാകം ചെയ്യുന്നത്. നിലവിലുള്ള വീട്ടില്‍ ശുദ്ധജല സൗകര്യമോ വൈദ്യുതിയോ വീട്ടിലേക്ക് വഴിയോ പോലുമില്ല. വല്ലപ്പോഴും കിട്ടുന്ന പെന്‍ഷന്‍ മാത്രമാണ് ആകെയുള്ള വരുമാനം. മൂന്നു വര്‍ഷം മുന്‍പ് അമ്മയും മരിച്ചതോടെ ഇവര്‍ക്ക് ഒറ്റയ്ക്കായി. വാസയോഗ്യമല്ലാത്ത ഈ സ്ഥലത്തുനിന്നും എത്രയും പെട്ടെന്ന് തന്നെ മാറ്റി താമസിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും അതുവരെ നിലവിലുള്ള വീട്ടിലേക്ക് എത്താനുള്ള നടവഴിയെങ്കിലും അനുവദിച്ചു കിട്ടണമെന്നാണ് ഇവരുടെ ആവശ്യം.