കാലിഗ്രഫി ക്യാമ്പ് ‘അക്ഷരവര’ വയനാട്ടിൽ

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇതാദ്യമായി കാലിഗ്രഫി ക്യാമ്പ് സംഘടിപ്പിക്കുന്നു. വിമൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെയും ഉറവിന്റെയും സഹകരണത്തോടെ ‘സ്‌കൂൾ ഓഫ് സസ്‌റ്റൈനബിലിറ്റി’ എന്ന സംഘടനയാണ് ‘അക്ഷര വര’ എന്ന പേരിൽ കാലിഗ്രഫി ക്യാമ്പ് സംഘടിപ്പിക്കുന്നത്. തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവ് റിസോർട്ടിൽ നവംബർ 17 ഞായറാഴ്ച നടക്കുന്ന ക്യാമ്പിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ അവസരമുണ്ട്.

വയനാടിന്റെ തനതു സംസ്കാരത്തെയും പാരമ്പര്യത്തെയും തനത് രുചികളെയും പരിചയപ്പെടുത്തുന്ന ക്യാമ്പിന് ബെംഗളൂരുവിൽ നിന്നുള്ള പ്രസിദ്ധ കാലിഗ്രഫി വിദഗ്ധൻ ഹരികുമാർ നേതൃത്വം കൊടുക്കും. വയനാട്ടിലെ ഭാഗിയുള്ള വയലേലകളിലൂടെ ആടിയും പാടിയും യാത്ര ചെയ്യാനും ജില്ലയിലെ തനതു കലാരൂപങ്ങളെ അടുത്തറിയാനും അതിനു ശേഷം പരമ്പരാഗത നെല്ലിനത്തിൻ്റെ അരി ഉപയോഗിച്ചുള്ള കഞ്ഞിയും കിഴങ്ങു വർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള പുഴുക്കും അടങ്ങിയ ഭക്ഷണം ആസ്വദിയ്ക്കാനും അവസരമുണ്ടാകും . തുടർന്ന് അത് വരെ കണ്ടറിഞ്ഞ വയനാടിനെ മലയാളം കാലിഗ്രഫിയിലൂടെ കടലാസിലേക്ക് പകർത്തുകയുമാണ് ക്യാമ്പിന്റെ ലക്ഷ്യമെന്ന് സ്‌കൂൾ ഓഫ് സസ്‌റ്റൈനബിലിറ്റി സ്ഥാപക അപർണ്ണ വിനോദ്, വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് ബിന്ദു മിൽട്ടൺ എന്നിവർ പറഞ്ഞു .

വയനാടിന്റെ മൂല്യങ്ങളെയും പ്രകൃതിയെയും പാരമ്പര്യത്തെയും വീണ്ടെടുക്കാനുള്ള എളിയ ശ്രമത്തിന്റെ ഭാഗമാണ് കാലിഗ്രഫി ക്യാമ്പെന്നു സംഘാടകർ അറിയിച്ചു. മുള കൊണ്ട് നിർമ്മിച്ച കാലിഗ്രഫി ബ്രഷുകളും മറ്റു സാമഗ്രികളും തയ്യാറായി കഴിഞ്ഞു. അപർണ വിനോദാണ് ക്യാമ്പിന്റെ മുഖ്യ സംഘാടക. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക : 8129168649

Leave a Reply

Your email address will not be published. Required fields are marked *