കൽപ്പറ്റ: വില്‍പ്പനക്കായി സൂക്ഷിച്ച 10 കിലോയോളം കഞ്ചാവുമായി കൽപ്പറ്റ ടൗണില്‍ നിന്ന് ഒരാളെ പിടികൂടി. മേപ്പാടി, കള്ളാടി, നെല്ലിപ്പറമ്പില്‍ വീട്ടില്‍ അനില്‍ കുമാര്‍ എന്ന അനീസ്(50) നെയാണ് ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ജോഷി ജോസിന് കീഴിലെ ലഹരിവിരുദ്ധ സ്ക്വാഡ് വ്യാഴാഴ്ച പുലര്‍ച്ചയോടെ പിടികൂടിയത്. ഇയാള്‍ക്ക് ജില്ലയിലും പുറത്തുമായി നിരവധി മോഷണകേസുകളുണ്ട്. ദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന ഇയാള്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കൽപ്പറ്റ ടൗണില്‍ പുതിയ സ്റ്റാന്‍ഡിന് സമീപം വച്ച് ട്രോളി ബാഗുമായി സംശയാസ്പദമായി കണ്ട ഇയാളെ ഡാന്‍സാഫ് എസ്.ഐ എന്‍.വി ഹരീഷ് കുമാറിന്റെയും കൽപ്പറ്റ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ എം. സജി ഷിനോബിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് 9.58 കിലോ കഞ്ചാവ് കണ്ടെടുക്കുന്നത്.
ഇയാളുടെ ട്രോളി ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ലഹരിക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷണം നടത്തി വരികയാണെന്നും ലഹരി ഉപയോഗം വില്‍പ്പന എന്നിവ തടയുന്നതിനാവശ്യമായ ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു.