കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിലും സാമ്പത്തിക സഹായം അനുവദിക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന വിമുഖതയില്‍ പ്രതിഷേധിച്ച് 19ന് യുഡിഎഫും എല്‍ഡിഎഫും വെവ്വേറെ വയനാട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. ഇന്നു വൈകുന്നേരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎല്‍എ, ഐ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ നേതാക്കള്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയായിരുന്നു എല്‍ഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍ ആചരിക്കുകയെന്ന് യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.
പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചെങ്കിലും പരിഗണന ലഭിച്ചില്ല. ഉരുള്‍പൊട്ടലിനെ അതീതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനും കേന്ദ്രം കൂട്ടാക്കുന്നില്ല. ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നേരില്‍ക്കണ്ടെങ്കിലും കേരളത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കാവുന്ന തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ഉണ്ടെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹര്‍ത്താല്‍ ആഹ്വാനം. കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് ജില്ലയിലെ നിയോജകമണ്ഡലം ആസ്ഥാനങ്ങളില്‍ നൈറ്റ് മാര്‍ച്ചും സംഗമവും നടത്തുന്നുണ്ട്.