കല്‍പ്പറ്റ: കര്‍ണാടകയിലെ ഉഡുപ്പിക്കു സമീപം സീതംബിലുവില്‍ ആന്റി നക്‌സല്‍ ഫോഴ്‌സുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയ്‌ക്കെതിരേ വയനാട്ടില്‍ 18 കേസുകള്‍. മേപ്പാടി, പടിഞ്ഞാറത്തറ, തലപ്പുഴ, തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനുകളിലാണ് ഇത്രയും കേസുകള്‍. ജനവാസ കേന്ദ്രങ്ങളിലെത്തി മാവോയിസ്റ്റ് ആശയ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ടാണ് വിക്രം ഗൗഡയ്‌ക്കെതിരേ ജില്ലയില്‍ കേസുകള്‍. പോലീസുമായുള്ള ഏറ്റുമുട്ടല്‍, റിസോര്‍ട്ടുകളിലെ അതിക്രമം, മാനന്തവാടിക്കു സമീപം വനത്തില്‍ സ്‌ഫോടക വസ്തു സ്ഥാപിക്കല്‍, കമ്പമല വനം വികസന കോര്‍പറേഷന്‍ ഓഫീസിലെ അതിക്രമം എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ വിക്രം ഗൗഡ പ്രതിയല്ലെന്നാണ് പോലീസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരം.
കര്‍ണാടകയിലെ ഹെബ്രി താലൂക്കില്‍പ്പെട്ട കബ്ബിനെലെ ഗ്രാമമാണ് വിക്രം ഗൗഡയുടെ ജന്‍മദേശം. മാവോയിസ്റ്റ് നേത്രാവതി ദളവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ദീര്‍ഘകാലം നാടുകാണി, കബനി ദളങ്ങളുടെ ഭാഗമായിരുന്ന വിക്രം ഗൗഡ 2016ല്‍ നിലമ്പൂരില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലിലില്‍ രക്ഷപ്പെട്ടിരുന്നു. മൂന്നു മാസം മുമ്പാണ് വിക്രം ഗൗഡ ഉഡുപ്പിയും സമീപ പ്രദേശങ്ങളും വീണ്ടും പ്രവര്‍ത്തന മേഖലയാക്കിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. സീതംബിലുവില്‍ അഞ്ചംഗ മാവോയിസ്റ്റ് സംഘവുമായാണ് ആന്റി നക്‌സല്‍ ഫോഴ്‌സ് ഏറ്റുമുട്ടിയത്. വിക്രം ഗൗഡ സംഭവസ്ഥലത്ത് മരിച്ചു. സംഘത്തിലെ മറ്റംഗങ്ങള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായി അന്വേഷണം നടന്നുവരികയാണ്.