കൽപ്പറ്റ: സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും തങ്ങളുടെ മേഖലയിൽ നടക്കുന്ന അവകാശ നിഷേധങ്ങൾക്ക് എതിരായി പണിമുടക്ക് അടക്കമുള്ള വലിയ പ്രക്ഷോഭങ്ങളിലേക്ക് കടക്കാൻ നിർബന്ധിത മാവുകയാണെന്ന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ്കുമാർ കുന്നിയൂർ പറഞ്ഞു. ജോയിൻ്റ് കൗൺസിൽ വയനാട് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനു മുന്നോടിയായി തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയേറ്റിനു മുമ്പിൽ ഡിസംബർ മാസം 10 തീയതി മുതൽ 36 മണിക്കൂർ സംഘടിപ്പിക്കുന്ന രാപ്പകൽ സമരം വിജയിപ്പിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു.
ജീവനക്കാരുടെ പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കുക, ശമ്പള പരിഷ്കരണ നടപടികൾ അടിയന്തിരമായി ആരംഭിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക തുടങ്ങി നിരവധിയായ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജോയിൻ്റ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക് കടക്കുന്നത്. ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് പ്രിൻസ് തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എസ്. പി. സുമോദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ. ആർ. സുധാകരൻ, എം.പി. ജയപ്രകാശ് ജില്ലാ സെക്രട്ടറി കെ.എ. പ്രേംജിത്ത്, പി.പി. റഷീദ, അനില പി.കെ. എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.