ദാസനക്കര: അപ്പക്കവലയില്‍ കാട്ടുപന്നികളിറങ്ങി വിളവെടുപ്പിന് പാകമായ നെല്‍ക്കൃഷി നശിപ്പിച്ചു. കല്ലുവയല്‍ ഊരിലെ രാധ നാരായണന്‍, ഭാസ്‌കരന്‍, കുഞ്ഞിക്കണ്ണന്‍, നരേന്ദ്രന്‍, രുക്മിണി എന്നിവരുടെ പത്തേക്കറോളം വരുന്ന പാടത്താണ് നാശനഷ്ടം വരുത്തിയത്. മൂന്നാഴ്ച കഴിഞ്ഞാല്‍ കൊയ്യാനായി വെള്ളം ഒഴിവാക്കിയ പാടത്താണു കാട്ടുപന്നികളുടെ വിളയാട്ടം. മുന്‍ വര്‍ഷങ്ങളിലും കാട്ടാന, കാട്ടുപന്നി എന്നിവയുടെ ശല്യം ഉണ്ടായിരുന്നെങ്കിലും ഇപ്രാവശ്യം പന്നിക്കൂട്ടം ഇറങ്ങി ചവിട്ടിയും തിന്നും, കിടന്നുരുണ്ടും നാശനഷ്ടം വര്‍ധിച്ചെന്ന് കര്‍ഷകര്‍ പറഞ്ഞു.
വനാതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വയലില്‍ കാട്ടുപന്നിശല്യം വര്‍ധിച്ചതോടെ കര്‍ഷകര്‍ വയലിനു ചുറ്റും നൂല്‍ക്കമ്പിയും വള്ളികളും കെട്ടിയിട്ടുണ്ടെങ്കിലും ഇത് ചാടിക്കടന്നാണു വയലിലിറങ്ങുന്നത്. ഇരുട്ടുന്നതോടെ ഇറങ്ങുന്ന പന്നികള്‍ പുലരും വരെ വയല്‍ ഉഴുതുമറിച്ചും മറ്റും കൃഷി നശിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് വയലിലിറങ്ങാനും കഴിയാത്ത അവസ്ഥയാണ്.