വയനാട് മഡ് ഫെസ്റ്റ് 5 മുതല്‍

കൽപ്പറ്റ: സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, മഡ്ഡി ബൂട്ട്സ് വെക്കേഷന്‍സ് എന്നിവരുടെ സഹകരണത്തോടെയാണ് ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ജൂലൈ 5 മുതല്‍ 13 വരെ ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളില്‍ മഡ്ഫെസ്റ്റ് നടത്തുന്നത്. ഫെസ്റ്റിന്റെ ഭാഗമായി മഡ് ഫുഡ്ബോള്‍ (താലൂക്ക്തലം/ സംസ്ഥാന തലം), മഡ് വടംവലി (ജില്ലാതലം), കയാക്കിംഗ് (സംസ്ഥാനതലം), അമ്പൈയ്ത്ത്, മണ്‍സൂണ്‍ ട്രക്കിംഗ് എന്നിവ നടത്തും. വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ജൂലൈ 5 ന് മാനന്തവാടി താലൂക്ക്തല മഡ് ഫുഡ്ബോള്‍ മത്സരം വളളിയൂര്‍ക്കാവില്‍ നടക്കും. ജൂലൈ 6 ന് ബത്തേരി താലൂക്ക്തല മഡ്ഫുഡ്ബോള്‍ മത്സരം പൂളവയല്‍ സപ്ത റിസോര്‍ട്ട് പരിസരത്തും, ജൂലൈ 7 ന് കല്‍പ്പറ്റ താലൂക്ക്തല മത്സരം കാക്കവയല്‍ നഴ്സറി പരിസരത്തും നടക്കും. ഓരോ താലൂക്കിലേയും വിജയികള്‍ക്ക് 5000, 3000 രൂപ വീതം ക്യാഷ് അവാര്‍ഡും സംസ്ഥാനതല മത്സരങ്ങളിലേക്കുളള യോഗ്യതയും ലഭിക്കും. ജൂലൈ 8 ന് കാക്കവയലില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ വയനാട് ജില്ലയില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ക്ക് പുറമെ സംസ്ഥാനത്തെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. വിജയികള്‍ക്ക് 20,000, 10,000 വീതംക്യാഷ് അവാര്‍ഡുകള്‍ നല്‍കും. കൂടാതെ മഡ് വടംവലി (ഓപ്പണ്‍ കാറ്റഗറി) മത്സരവും ഇതേ വേദിയില്‍ നടക്കും. ജൂലൈ 13 ന് തരിയോട് കര്‍ളാട് തടാകത്തില്‍ സംസ്ഥാനതല കയാക്കിംഗ്തുഴയല്‍ മത്സരം (ഡബിള്‍) നടക്കും. വിജയികള്‍ക്ക് 10000, 5000 രൂപ വീതം ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. താല്‍പര്യമുളള ടീമുകള്‍ കര്‍ളാട് തടാക ഓഫീസില്‍ ജൂലൈ 10 നകം രജിസ്റ്റര്‍ ചെയ്യണം. ജൂലൈ 8 ന് കാക്കവയലില്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍, മാധ്യമ പ്രവര്‍ത്തകര്‍, ടൂറിസംരംഗത്തെ വിവിധ സംഘടകള്‍ എന്നിവര്‍ക്കായി മഡ് ഫുഡ്ബോള്‍ മത്സരം സംഘടിപ്പിക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മീനങ്ങാടി കമ്മ്യുണിറ്റി ഹാളിന് സമീപത്തുളള ഡി.ടി.പി.സിയുടെ ഓഫീസില്‍ ജൂലൈ 2 നകം രജിസ്റ്റര്‍ ചെയ്യണം: ഫോണ്‍: 9446072134, 9947042559, 9847884242.

വയനാട് മഡ് ഫെസ്റ്റിനോടനുബന്ധിച്ച് ഡി.ടി.പി.സിയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് റീല്‍സ് മത്സരം നടത്തും. ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന വയനാട് മഡ് ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥമാണ് പൊതുജനങ്ങള്‍ക്കായി റീല്‍സ് മത്സരം നടത്തുന്നത്. മഡ് ഫെസ്റ്റ് ആണ് തീം. ജൂലൈ 5 മുതല്‍ 15 വരെ 1 മിനിറ്റില്‍ കൂടാത്ത റീല്‍സ് നിര്‍മ്മിച്ച് ഡി.ടി.പി.സി യുടെ ഇന്‍സ്റ്റഗ്രാം പേജ് ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യണം. വിഷയാധിഷ്ഠിതവും സര്‍ഗ്ഗാത്മകവുമായ മൗലിക സൃഷ്ടികളാണ് മത്സരത്തിന് പരിഗണിക്കുക. ഏറ്റവും കൂടുതല്‍ ലൈക്ക്, വീഡിയോയുടെ വ്യത്യസ്ഥത, ആകര്‍ഷണീയത തുടങ്ങിയവ പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. വിജയികള്‍ക്ക് 5000, 3000, 1000 രൂപ വീതം ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. മൊബൈല്‍ ഫോണ്‍, ക്യാമറ, ഡ്രോണ്‍ തുടങ്ങിയവ ഉപയോഗിച്ച് റീല്‍സ് ചിത്രീകരിക്കാം. ഫോണ്‍: 8281743983, 6238309634.

Leave a Reply

Your email address will not be published. Required fields are marked *