തിരുവനന്തപുരം: സ്കൂള്‍ കോമ്ബൗണ്ടിലെ മരം വീണ് ആറാം ക്ളാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വി ശിവൻകുട്ടി. അംഗടിമുഗള്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ആയിഷത്ത് മിൻഹ(11)യുടെ മരണത്തില്‍ മന്ത്രി ദുഃഖം രേഖപ്പെടുത്തി. സ്‌കൂളുകളുടെ സമീപത്ത് അപകടകരമായ തരത്തില്‍ മരങ്ങള്‍ ഉണ്ടെങ്കില്‍ അവ വെട്ടി മാറ്റണമെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. സ്കൂളുകള്‍ ഈ നിര്‍ദേശം കര്‍ശനമായി പാലിക്കണം. നിര്‍ദേശം നല്‍കിയിട്ടും ഇത്തരമൊരു സംഭവം ഉണ്ടായത് എങ്ങനെ എന്ന് അന്വേഷിച്ച് അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
വൈകുന്നേരം സ്കൂള്‍ വിടുന്ന സമയത്തായിരുന്ന ദാരുണമായ അപകടമുണ്ടായത്. ആയിഷത്ത് മിൻഹയ്ക്കൊപ്പം ഉണ്ടായിരുന്ന രിഫാന എന്ന കുട്ടിക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം. യൂസഫ് – ഫാത്തിമത്ത് സൈനബ ദമ്ബതികളുടെ മകളാണ് മരിച്ച ആയിഷത്ത് മിൻഹ. കുട്ടികള്‍ സ്കൂള്‍ വിട്ട് പടിയിറങ്ങി വരുമ്ബോള്‍ കോമ്ബൗണ്ടില്‍ നിന്ന മരം കടപുഴകി വീഴുകയായിരുന്നു, ആയിഷത്ത് മിൻഹയും രിഫാനയും മഴയത്ത് കുട പിടിച്ചുകൊണ്ട് വരികയായിരുന്നു. ആയിഷത്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.