തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധന പ്രഖ്യാപിക്കുന്നതില്‍ കോടതി ഇടപെടല്‍ ഉണ്ടായിരിക്കെ പഴയ നിരക്ക് ജൂലൈ മാസവും തുടരും. ഇത് സംബന്ധിച്ച് റെഗുലേറ്ററി കമീഷൻ ഉത്തരവിറക്കി. വ്യവസായികളുടെ നിരക്ക് വര്‍ധനക്കാണ് കോടതി വിലക്ക്. ഈ കേസ് കോടതി ജൂലൈ 10ന് വീണ്ടും പരിഗണിക്കും. ജൂണ്‍ 30 വരെയാണ് നിലവിലെ നിരക്കിന് നേരേത്ത കമീഷൻ അനുമതി നല്‍കിയിരുന്നത്. അതിനകം നിരക്ക് വര്‍ധന പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. ഇതാണ് ഒരു മാസം കൂടി നീട്ടിയത്.
ജൂലൈ പത്തിന് ശേഷം കോടതി വിലക്ക് നീട്ടിയില്ലെങ്കില്‍ വൈകാതെതന്നെ കമീഷൻ പുതിയ നിരക്ക് പ്രഖ്യാപിച്ചേക്കും. അടുത്ത നാല് വര്‍ഷത്തേക്കുള്ള വര്‍ധനാനിര്‍ദേശമാണ് കമീഷൻ പരിഗണിക്കുന്നത്. ഇതില്‍ കമീഷൻ തെളിവെടുപ്പും നടത്തിയിരുന്നു. നിലവിലെ വൈദ്യുതി നിരക്ക് ജൂലൈ 31 വരെയോ പുതിയ താരിഫ് ഉത്തരവ് വരുന്നതുവരെയോ പ്രാബല്യത്തിലുണ്ടാകും.