തിരുവനന്തപുരം: എ.ഐ കാമറ വൈദ്യുതി ബോര്‍ഡ് വാഹനങ്ങള്‍ക്ക് പിഴയിടുകയും കെ.എസ്.ഇ.ബി മോട്ടോര്‍ വാഹന ഓഫിസുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നത് ആവര്‍ത്തിച്ചതോടെ വിഷയത്തില്‍ വകുപ്പു മന്ത്രിമാരുടെ ഇടപെടല്‍.
ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രി ആന്‍റണി രാജു മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി.
എം.വി.ഡി ഓഫിസുകളിലെ ഫ്യൂസ് ഊരല്‍ വൈരാഗ്യം തീര്‍ക്കലല്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയും പ്രതികരിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് അടക്കം വിവിധ ജില്ലകളാണ് കെ.എസ്.ഇ.ബി ജീപ്പില്‍ തോട്ടിയുടെ പേരിലും അനുമതിയില്ലാതെ കെ.എസ്.ഇ.ബി എന്ന് ബോര്‍ഡ് വെച്ചതും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി എ.ഐ കാമറ വഴി മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്. ഇവിടെയൊക്കെ കെ.എസ്.ഇ.ബി ഫ്യൂസ് ഊരുകയും ചെയ്തു. രണ്ടു വകുപ്പുകള്‍ തുടര്‍ച്ചയായി പോരടിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ ഇടപെടല്‍.
കെ.എസ്.ഇ.ബി വാഹനങ്ങള്‍ക്ക് പിഴയിടുന്നതില്‍ സൂക്ഷ്മത പാലിക്കാൻ നിര്‍ദേശിച്ചതായി മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടായത്. അടിയന്തര സര്‍വിസുകളെ ഒഴിവാക്കണം. ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പുമായി വൈദ്യുതി വകുപ്പിന് അഭിപ്രായ ഭിന്നതയില്ലെന്നും വിവിധ ജില്ലകളിലെ എം.വി.ഡി ഓഫിസുകളില്‍ ഫ്യൂസ് ഊരല്‍ ബോധപൂര്‍വമെന്ന ആക്ഷേപം പരിശോധിക്കുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
വൈദ്യുതി ലൈനില്‍ ചാഞ്ഞുകിടക്കുന്ന മരക്കൊമ്ബുകള്‍ വെട്ടാൻ തോട്ടിയുമായി പോയ കെ.എസ്.ഇ.ബി വാഹനത്തിന് പിഴചുമത്തിയതിന് പിന്നാലെയാണ് വൈദ്യുതി ബില്ലടക്കാൻ വൈകിയ വിവിധ സ്ഥലങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളുടെ ഫ്യൂസ് ഊരാൻ തുടങ്ങിയത്. എ ഐ ക്യാമറ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന മട്ടന്നൂര്‍ എൻഫോഴ്സ്മെന്റ് ആര്‍ടി ഓഫിസിന്റെ ഫ്യൂസ് അടക്കം ഊരിയിരുന്നു.
വയനാട്ടില്‍ തോട്ടിയുമായി പോയ കെ.എസ്.ഇ.ബി കരാര്‍ വണ്ടിക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ട സംഭവത്തില്‍ തുടങ്ങിയതാണ് കെ.എസ്.ഇ.ബിയും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള പ്രശ്‌നങ്ങള്‍. ഇതിനുപിന്നാലെ വയനാട്ടിലും കാസര്‍കോട്ടും അടക്കം പലയിടങ്ങളിലും മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസുകളില്‍ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയിട്ടുണ്ട്.
മട്ടന്നൂരില്‍ ഏപ്രില്‍, മെയ് മാസത്തെ കുടിശികയായി 52,820 രൂപ മോട്ടോര്‍ വാഹനവകുപ്പ് അടയ്ക്കാനുണ്ട്. കുടിശ്ശിക അടയ്ക്കാതെ വന്നതോടെ കെ.എസ്.ഇ.ബി ഫ്യൂസ് ഊരുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ എ.ഐ ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ണമായും നിയന്ത്രിക്കുന്ന ഓഫിസാണ് മട്ടന്നൂരിലേത്. മോട്ടോര്‍ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് ഓഫിസ് കൂടിയാണിത്.
സ്വാഭാവിക നടപടിയാണുണ്ടായതെന്നും ബില്‍ അടയ്ക്കുന്ന പക്ഷം ഫ്യൂസ് തിരികെ വയ്ക്കുമെന്നുമായിരുന്നു കെ.എസ്.ഇ.ബിയുടെ പ്രതികരണം. എന്നാല്‍ മുമ്ബും ഇതുപോലെ തവണ മുടങ്ങിയിട്ടുണ്ടെന്നും ഫ്യൂസ് ഊരുന്ന നടപടി ആദ്യമാണെന്നും മോട്ടോര്‍ വാഹനവകുപ്പ് പ്രതികരിച്ചു.