വയനാട് മഡ് ഫെസ്റ്റ്; നാളെ തുടങ്ങും

കൽപ്പറ്റ: മണ്‍സൂണ്‍കാല വിനോദ സഞ്ചാരം ജില്ലയില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സംസ്ഥാന ടൂറിസംവകുപ്പ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, മഡ്ഡി ബൂട്ട്സ്വെക്കേഷന്‍സ് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന വയനാട് മഡ്ഫെസ്റ്റ് – 2023 നാളെ (ബുധന്‍) തുടങ്ങും. ഫെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9 ന് മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിക്കും. ജൂലൈ 6 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല മഡ് ഫുട്ബാള്‍ മത്സരം പൂളവയല്‍ സപ്ത റിസോര്‍ട്ട് പരിസരത്തും, ജൂലൈ 7 ന് കല്‍പ്പറ്റ താലൂക്ക്തല മത്സരം കാക്കവയല്‍ നഴ്സറി പരിസരത്തും നടക്കും. ഓരോ താലൂക്കിലേയും വിജയികള്‍ക്ക് 5000, 3000 വീതം ക്യാഷ് അവാര്‍ഡും സംസ്ഥാനതല മത്സരങ്ങളിലേക്കുളള യോഗ്യതയും ലഭിക്കും. ജൂലൈ 9 ന് കാക്കവയലില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ വയനാട് ജില്ലയില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ക്ക്പുറമെ സംസ്ഥാനത്തെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. മഡ്‌ഫെസ്റ്റിന്റെ ഭാഗമായി ജൂലൈ 13 ന് തരിയോട് കര്‍ളാട് തടാകത്തില്‍ സംസ്ഥാനതല കയാക്കിംഗ് തുഴയല്‍മത്സരം (ഡബിള്‍) നടക്കും.

Leave a Reply

Your email address will not be published. Required fields are marked *