മണിപ്പൂര്‍ കലാപം ആസൂത്രിത ഗൂഡാലോചന; ഏകീകൃത സിവില്‍കോഡെന്ന കെണിയില്‍ രാജ്യത്തെ ജനങ്ങള്‍ വീഴില്ലെന്നും വി ഡി സതീശന്‍
കല്‍പ്പറ്റ: കലാപത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി വയനാട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി കല്‍പ്പറ്റയില്‍ ജനകീയ പ്രതിരോധ ഉപവാസസമരം ആരംഭിച്ചു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്. സമരം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. മണിപ്പൂരില്‍ നടന്ന കലാപത്തിന് പിന്നില്‍ ആസൂത്രിത ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സതീശന്‍ പറഞ്ഞു. ഗോത്ര വിഭാഗങ്ങളായ മെയ്തി -കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്നാണ് വരുത്തിതീര്‍ക്കാനാണ് ആദ്യം മുതല്‍ തന്നെ ശ്രമിച്ചത്. അവിടെ ക്രൈസ്തവ ദേവാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ വ്യാപകമായി ആക്രമിക്കപ്പെട്ടു. കുക്കി അനുഭാവികളില്‍ എല്ലാവരും ക്രൈസ്തവരാണ്. മെയ്തി വിഭാഗത്തിലും ക്രൈസ്തവരുണ്ട്. എന്നാല്‍ ഇരുവിഭാഗങ്ങളിലെയും ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം അക്രമത്തിനിരയായി. ആയിരക്കണക്കിന് കലാപകാരികള്‍ ഗ്രാമങ്ങളിലേക്കിരച്ചു കയറി തീയിട്ട് ജനങ്ങളെ ആക്രമിച്ചപ്പോള്‍ പട്ടാളവും പൊലീസും എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. മണിപ്പൂരിലെ ബി ജെ പി സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഈ ആക്രമണങ്ങള്‍ നടന്നത് എന്നതാണ് ഞെട്ടിക്കുന്നത്. പൊലീസിന്റെ ആയുധങ്ങള്‍ ഉള്‍പ്പെടെ കലാപകാരികള്‍ക്ക് എടുത്ത് നല്‍കി. ഇത്തരത്തില്‍ എങ്ങിനെയാണ് ഒരു വംശഹത്യ നടത്താന്‍ ഗൂഡാലോചന നടത്തിയതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി 60 ദിവസമായി നിശബ്ദ പാലിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. അക്രമികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമുണ്ടാക്കി കൊടുക്കുകയാണ്. പ്രധാനമന്ത്രി ഇവിടെ വന്ന് ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തി. ഇവിടെ നിന്നും അദ്ദേഹം പോയതിന് പിന്നാലെ മണിപ്പൂരില്‍ മാത്രമല്ല, ഇരുപതിലേറെ ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014-18 വര്‍ഷങ്ങളില്‍ രാജ്യത്ത് നാനൂറോളം ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് ആന്റോ ആന്റണി എം പി പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിച്ചിരുന്നു. അതേ എം പി അഞ്ച് വര്‍ഷത്തിന് ശേഷം സമാനമായ വിഷയം അവതരിപ്പിച്ചപ്പോള്‍ ആക്രമിക്കപ്പെട്ട ദേവാലയങ്ങളുടെ എണ്ണം രണ്ടായിരമായെന്നും സതീശന്‍ പറഞ്ഞു. പരാതി പറയാന്‍ പോകുന്നയാളെ പോലും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയാണ്. മതപരിവര്‍ത്തനമടക്കമാണ് അവരില്‍ ചുമത്തുന്ന കേസ്. 1951-ല്‍ ക്രൈസ്തവ വിഭാഗം മൊത്തം ജനസംഖ്യയുടെ 2.3 ശതമാനമായിരുന്നുവെങ്കില്‍ 72 വര്‍ഷത്തിന് ശേഷവും അതേ ശതമാനത്തില്‍ തന്നെ നില്‍ക്കുകയാണ്. കൂട്ടായ മതപരിവര്‍ത്തനം നടത്തിയിരുന്നുവെങ്കില്‍ അത് എത്ര ശതമാനം വര്‍ധിക്കുമായിരുന്നുവെന്നും സതീശന്‍ ചോദിച്ചു. ഡല്‍ഹിയില്‍ 79 ക്രൈസ്തവസംഘടനങ്ങള്‍ തങ്ങളെ ആക്രമിക്കരുതെന്ന ആവശ്യവുമായി സമരം നടത്തി. പിന്നീട് ആക്രമിക്കപ്പെട്ട ദേവാലയങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കി സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ അങ്ങനെയൊരു സംഭവമെ ഇന്ത്യയില്‍ നടക്കുന്നില്ലെന്നാണ് പറഞ്ഞത്. ഈ വിഷയത്തില്‍ ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളോട് സുപ്രീംകോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ വില ഇന്ന് എല്ലാവരും മനസിലാക്കുകയാണ്. പ്രധാനമന്ത്രി പോകാത്ത, കലാപ കലുഷിതമായ മണിപ്പൂരിലെത്തിയ രാഹുല്‍ഗാന്ധി അവിടുത്തെ തെരുവുകളിലൂടെ നടന്നു, ക്യാംപുകളില്‍ പോയി, കുട്ടികളെയും അമ്മമാരെയും ആശ്വസിപ്പിച്ചു. ബി ജെ പി മതത്തിന്റെയും ജാതിയുടെയും പേരില്‍ ഇന്ത്യയിലെ ജനവിഭാഗങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരെ ചേര്‍ത്തുപിടിച്ച് അവരെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസിനല്ലാതെ, രാഹുല്‍ഗാന്ധിക്കല്ലാതെ ആര്‍ക്ക് കഴിയുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി ജെ പി വീണ്ടും ഏകീകൃത സിവില്‍കോഡുമായി വരികയാണ്. എല്ലാവരെയും മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍ നിങ്ങളൊരുക്കിയ കെണിയില്‍ രാജ്യത്തെ ജനങ്ങള്‍ വീഴാന്‍ പോകുന്നില്ല. ഞങ്ങളൊരുമിച്ച് നില്‍ക്കും, രാഹുല്‍ഗാന്ധി ഞങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന, ഒന്നിച്ചുപോകണമെന്ന് പറയുന്ന കോണ്‍ഗ്രസ് ഇന്ത്യയുടെ മണ്ണിലുള്ളിടത്തോളം ഈ ഭിന്നിപ്പിന്റെ രാഷ്ട്രീയം വിലപ്പോകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി മാത്രമല്ല, കേരളത്തിലെ സി പി എമ്മും ഇപ്പോള്‍ ഇറങ്ങിയിരിക്കുകയാണ്. എകീകൃത സിവില്‍കോഡുമായി ബന്ധപ്പെട്ട് സെമിനാര്‍ നടത്തുമെന്നാണ് പറയുന്നത്. ഇതില്‍ നിന്നും എന്തെങ്കിലും കിട്ടുമോയെന്നാണ് നോക്കുന്നത്. 1986-ല്‍ ഇ എം എസ് പറഞ്ഞത് ഏകീകൃത സിവില്‍ നിയമം രാജ്യത്ത് നടപ്പിലാക്കാണമെന്നാണ്. ശരീയത്ത് നിയമം പാടില്ലെന്നാണ്. ജനാധിപത്യ മഹിളാ അസോസിയേഷനോട് രാജ്യവ്യാപക പ്രക്ഷോഭം നടത്താനാണ് അന്ന് ആവശ്യപ്പെട്ടത്. 1987 തിരഞ്ഞെടുപ്പിലെ വോട്ടുബാങ്കായിരുന്നു ഇതുകൊണ്ട് ലക്ഷ്യമിട്ടത്. അന്നത്തെ അഭിപ്രായവും നയരേഖയില്‍ എഴുതിവെച്ചതും സി പി എം വേണ്ടന്ന് തീരുമാനിച്ചോയെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.